36 വര്‍ഷങ്ങള്‍ക്ക് ശേഷം സൈദുവും സുഭദ്രയും കണ്ടുമുട്ടി; സ്നേഹകൂടിക്കാഴ്ച്ചയ്ക്ക് സാക്ഷികളായി വെളിച്ചം അഗതിമന്ദിരം
‘ഭൂമി ഉരുണ്ടതല്ലേ.. എവിടെയെങ്കിലും വച്ച് ഇനിയും കാണാം..’ ഇങ്ങനെ യാത്രപറഞ്ഞ് പലരും പിരിഞ്ഞ് പോകുമ്പോൾ ഇനിയൊരു കൂടിച്ചേരൽ ആരെങ്കിലും പ്രതീക്ഷിക്കാറുണ്ടോ…?? വർഷങ്ങൾക്ക് മുമ്പ് ജോലി തേടി പോകുമ്പോൾ ഭാര്യയുമായി ഇങ്ങനെയൊരു കൂടിക്കാഴ്ച്ച ആയിരിക്കില്ല സൈദു പ്രതീക്ഷിച്ചുണ്ടാകുക. എന്തായാലും ചിലത് അങ്ങനെയാണ്… എത്ര നാളുകൾ കഴിഞ്ഞാലും വന്നുചേരാനുള്ളത് വന്നുചേരുകതന്നെ ചെയ്യും.. ഇപ്പോഴിതാ 36 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാണാതായ ഭര്‍ത്താവിനെ അഗതി മന്ദിരത്തില്‍ വച്ച് കണ്ടുമുട്ടിയിരിക്കുകയാണ് സുഭദ്ര.
കൊടുങ്ങല്ലൂരിലെ വെളിച്ചം എന്ന അഗതി മന്ദിരമാണ് ഈ സ്നേഹ കൂടിക്കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ചത്. സുഭദ്രയുടെ രണ്ടാം ഭർത്താവാണ് സൈദു. 29 വർഷങ്ങൾ ഒന്നിച്ച് താമസിച്ചതിന് ശേഷമാണ് സൈദു ജോലി അന്വേഷിച്ച് ഉത്തരേന്ത്യയിലേക്ക് പോയത്. പിന്നീട് അവിടെ നിന്ന് അദ്ദേഹത്തെ കാണാതാവുകയായിരുന്നു. ഭർത്താവിന്റെ വിവരമൊന്നും ലഭിക്കാതെ വന്നതോടെ സുഭദ്ര മക്കളുടെ കൂടെയായി ജീവിതം. പിന്നീട് മക്കളും മരിച്ച ശേഷം സുഭദ്ര വെളിച്ചം അഗതിമന്ദിരത്തിൽ എത്തപെടുകയായിരുന്നു.
ഇപ്പോഴിതാ അവിചാരിതമായി സുഭദ്രയുടെ ഭർത്താവ് സൈദുവും ഇവിടെ എത്തിയിരിക്കുകയാണ്. 36 വർഷങ്ങൾക്ക് ശേഷം പരസ്പരം കണ്ടതിന്റെ സന്തോഷത്തിലാണ് ഇരുവരും. ഈ കൂടിക്കാഴ്ചയ്ക്ക് സാക്ഷികളായ സന്തോഷത്തിലാണ് വെളിച്ചം അഗതി മന്ദിരവും അവിടുത്തെ അന്തേവാസികളും.