ദക്ഷിണാഫ്രിക്കയെ എറിഞ്ഞ് വീഴ്ത്തി ഇന്ത്യ; പരമ്പര തൂത്തുവാരി
ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടന്ന ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയില്‍ ഇന്ത്യയ്ക്ക് മിന്നും ജയം. പരമ്പര ഇന്ത്യ തൂത്തുവാരി. റാഞ്ചി ക്രിക്കറ്റ് ടെസ്റ്റിലും വിജയിച്ചതോടെയാണ് കോഹ്ലി പട പരമ്പര തൂത്തുവാരിയത്. ഇന്നിങ്സിനും 202 റണ്‍സിനുമാണ് ഇന്ത്യയുടെ ജയം. ഇരട്ട സെഞ്ചുറി നേടിയ രോഹിത് ശര്‍മ്മയാണ് മാന്‍ ഓഫ് ദി മാച്ചും മാന്‍ ഓഫ് ദി സീരീസും.
അതേസമയം മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പര തൂത്തുവാരിയതോടെ ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ബഹുദൂരം മുന്നിലെത്തി. നിലവില്‍ 240 പോയിന്റുകളാണ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ നേടിയിരിക്കുന്നത്. റാഞ്ചിയില്‍ വച്ചു നടന്ന അവസാന മത്സരത്തിലെ അവസാന ദിനത്തില്‍ പന്ത്രണ്ട് പന്തുകളില്‍ നിന്ന് ഒരേയൊരു റണ്‍ മാത്രമാണ് ദക്ഷിണാഫ്രിക്ക നേടിയത്. രണ്ട് വിക്കറ്റും നഷ്ടപ്പെട്ടു. എട്ട് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെന്ന നിലയിലാണ് അവസാന മത്സരത്തില്‍ നാലാം ദിനം ദക്ഷിണാഫ്രിക്ക ബാറ്റിങ് പുനഃരാരംഭിച്ചത്. എന്നാല്‍ കളത്തില്‍ പിടിച്ചുനില്ക്കാന് ദക്ഷിണാഫ്രിക്കന്‍ ടീമിനായില്ല. തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലാണ് ദക്ഷിണാഫ്രിക്ക ഇന്നിങ്സ് തോല്‍വി നേരിട്ടത്. പൂനെയില്‍ വച്ച് നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ദക്ഷിണാഫ്രിക്ക ഇന്നിങ്സ് തോല്‍വി വഴങ്ങിയിരുന്നു.
അതേസമയം രോഹിത് ശര്‍മ്മയുടെ ഇരട്ട സെഞ്ചുറിയും അജിങ്ക്യ രഹാനെയുടെ സെഞ്ചുറിയും ഇന്ത്യന്‍ ഇന്നിങ്സിന് കൂടുതല്‍ കരുത്തേകി. അവസാന മത്സരത്തില്‍ ബൗളിങ്ങില്‍ സ്പിന്നര്‍ ഷഹബാസ് നദീം കരുത്തായി. ടെസ്റ്റ് ക്രിക്കറ്റിലെ അരങ്ങേറ്റ മത്സരം ഗംഭീരമാക്കിയിരിക്കുകയാണ് ഷഹബാസ് നദിം.
അതേസമയം ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇതുവരെ രണ്ട് പരമ്പരകളാണ് ഇന്ത്യ കളിച്ചത്. വിന്‍ഡീസിനെതിരെ രണ്ടും ദക്ഷിണാഫ്രിക്കയ്ക്കെതിരെ മൂന്നും മത്സരങ്ങളായിരുന്നു പരമ്പരയില്‍ ഉണ്ടായിരുന്നത്. അഞ്ച് മത്സരങ്ങളിലും വിജയിച്ചത് കോഹ്ലിപ്പടയാണ്.