‘നായകനി’ൽ നിന്നും ‘ജല്ലിക്കട്ടി’ലേക്ക്; ലിജോ ജോസ് പെല്ലിശ്ശേരി നടന്നുകയറുന്നത് ലോകസിനിമയിലേക്ക്

October 5, 2019

‘മലയാളികളുടെ സിനിമ സങ്കൽപ്പങ്ങൾക്ക് പുതിയ മാനദണ്ഡങ്ങൾ നൽകിയ സംവിധായകൻ’ ലിജോ ജോസ് പെല്ലിശ്ശേരിയെ വിശേഷിപ്പിക്കാൻ ഇതിലും യോജിച്ച മറ്റ് എന്ത് വാക്കുകളാണ് ഉള്ളത് ..? പ്രേക്ഷകർ ഇത്രമാത്രം വിശ്വാസമർപ്പിക്കുന്ന മറ്റൊരു പുതുതലമുറ സംവിധായകൻ മലയാള സിനിമയിൽ  ഉണ്ടാവില്ല…

ഓരോ ചിത്രങ്ങളിലും വ്യത്യസ്തതകൾ പരീക്ഷിക്കുന്ന സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. അദ്ദേഹത്തിന്റെ ‘ജല്ലിക്കട്ട്’ എന്ന ചിത്രം കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകർക്കും പറയാനുള്ളത് തിയേറ്ററിൽ വിരിഞ്ഞ അത്ഭുതത്തെക്കുറിച്ചാണ്. ഒന്നര മണിക്കൂർ ഓരോ പ്രേക്ഷകനും തിയേറ്ററിൽ ശ്വാസം അടക്കിപിടിച്ചിരുന്ന നിമിഷത്തെക്കുറിച്ചാണ്…

മലയാള സിനിമയിൽ മായാജാലം കാണിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരി ഒരു സിനിമ കുടുംബത്തിൽ നിന്നും വന്നതാണ്. മലയാള സിനിമ കണ്ട മികച്ച നടൻ ജോസ് പെല്ലിശ്ശേരിയുടെ മകനാണ് ലിജോ ജോസ് പെല്ലിശ്ശേരി.

 

2010-ൽ പുറത്തിറങ്ങിയ നായകൻ എന്ന ചിത്രത്തിലൂടെയാണ് ലിജോ ജോസ്  പെല്ലിശ്ശേരി മലയാള സിനിമയിലേക്ക് ചുവടുവച്ചത്. സിറ്റി ഓഫ് ഗോഡ് (2011), ആമേൻ (2013), ഡബിൾ ബാരൽ തുടങ്ങിയ ചിത്രങ്ങളും പ്രേക്ഷകശ്രദ്ധ  പിടിച്ചുപറ്റി. 2017 ൽ  86 പുതുമുഖങ്ങൾ മുഖ്യ കഥാപാത്രമായി എത്തിയ അങ്കമാലി ഡയറിസ് എന്ന സിനിമയാണ് മലയാള സിനിമയിൽ ലിജോയുടെ സ്ഥാനം ഉറപ്പിച്ചത്. ശേഷം ഈ.മ.യൗ 2018 ൽ പുറത്തിറങ്ങി. 2018 ലെ മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ് ഈ ചിത്രത്തിലൂടെ ലിജോയെത്തേടിയെത്തി. 48-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിലെ മികച്ച സംവിധായകനുള്ള പുരസ്കാരം, 49-ാമത് അന്താരാഷ്ട ചലച്ചിത്രോത്സവത്തിൽ മികച്ച സംവിധായകനുള്ള സിൽവർ പിയാകിൻ മികച്ച നടനുള്ള അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ ഈ ചിത്രത്തിന് ലഭിച്ചിട്ടുണ്ട്. 

ലിജോ ജോസ് ചിത്രങ്ങളിലൂടെ….

നായകൻ 

വിദേശ സിനിമകളുടെ ശൈലിയോടുള്ള ലിജോ ജോസിന്റെ ഇഷ്ടം തുറന്നുകാണിക്കുന്നതായിരുന്നു നായകൻ എന്ന ചിത്രം. ഇന്ദ്രജിത്ത് സുകുമാരനെ മുഖ്യകഥാപാത്രമാക്കി 2010 ലാണ് നായകൻ ഒരുക്കിയത്. സിദ്ധിക്, തിലകൻ എന്നിവരും ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങളായി വേഷമിട്ടു. വേറിട്ട സിനിമകളെ സ്വീകരിക്കാനുള്ള മലയാളി പ്രേക്ഷകരുടെ മടിയും ആദ്യ ചിത്രത്തിലെ പോരായ്മകളും ചിത്രത്തിന് വേണ്ടത്ര സ്വീകാര്യത നൽകിയില്ല.

സിറ്റി ഓഫ് ഗോഡ്

പൃഥ്വിരാജും ഇന്ദ്രജിത്തും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് സിറ്റി ഓഫ് ഗോഡ്. വ്യത്യസ്തമായ ഒരു കഥയാണ് സിറ്റി ഓഫ് ഗോഡിന്‍റേത്. യഥാര്‍ത്ഥത്തില്‍ മൂന്നു കഥയാണ് ചിത്രത്തിൽ പറയുന്നത്. എന്നാല്‍ മൂന്നു കഥകള്‍ക്കും ചേര്‍ന്ന് ഒരു ക്ലൈമാക്സ്. മൂന്നു വിധവകളുടെയും അവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന ഒരു ചെറുപ്പക്കാരന്‍റെയും കഥയാണ് സിറ്റി ഓഫ് ഗോഡെന്ന് ഒറ്റ വാചകത്തില്‍ പറയാം. പ്രിയങ്ക‍, റീമ കല്ലിങ്കല്‍, ശ്വേതാ മേനോന്‍ എന്നിവരാണ് ചിത്രത്തിൽ നായികമാര്‍. ചിത്രം പ്രേക്ഷകർ ഏറ്റെടുത്തില്ലെങ്കിലും ചിത്രത്തിലെ ക്യാമറ വർക്കും, ചിത്രത്തിലെ കഥ  പറഞ്ഞ ശൈലിയുമെല്ലാം ഏറെ പ്രശംസാർഹമാണ്.

 

ആമേൻ

പുതിയ കാലത്തിന്‍റെ സിനിമാമുഖം പ്രേക്ഷകർക്ക് സമ്മാനിച്ച ചിത്രമാണ് ആമ്മേൻ. ചിത്രത്തിൽ ഫഹദ് ഫാസിൽ, സ്വാതി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി വേഷമിട്ടത്. മാജിക്കല്‍ റിയലിസത്തിന്‍റെ മായിക പ്രഭയില്‍ പ്രതിഫലിക്കുന്ന ചിത്രത്തിലൂടെ  ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകന്‍ നവസിനിമയുടെ മിശിഹയായി മാറുകയായിരുന്നു. നായകന്‍, സിറ്റി ഓഫ് ഗോഡ് എന്നീ  സൃഷ്ടികളില്‍ നിന്ന്  വ്യത്യസ്തമായ ഒരു പാറ്റേണാണ് ഈ സിനിമ സ്വീകരിച്ചിരിക്കുന്നത്. ഒരു മ്യൂസിക്കല്‍ സറ്റയര്‍ എന്ന നിലയില്‍ ആമ്മേൻ  പൂര്‍ണത നേടുമ്പോള്‍ ചിത്രം പുതിയൊരു കാഴ്ചാശീലത്തിന് മലയാളികളെ ഒരുക്കുകയായിരുന്നു.

ഡബിൾ ബാരൽ 

ഗ്യാങ്‌സ്റ്റർ കോമഡി വിഭാഗത്തിലുള്ള ചിത്രമായിരുന്നു ഡബിൾ ബാരൽ. മലയാള സിനിമയ്ക്ക്‌ ഒരു ഹോളിവുഡ് ചായ നൽകിയ ലിജോ ജോസ് ചിത്രം. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, അസിഫ് അലി, ആര്യ തുടങ്ങിയ താരങ്ങളെല്ലാം ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ലൈല, മജ്നു എന്നി രണ്ടു രത്നങ്ങളെ ചുറ്റിപറ്റിയാണ് ചിത്രത്തിന്‍റെ കഥ വികസികുന്നത് ഇവയുടെ പിന്നില്‍ നടക്കുന്ന ഓരോ കഥാപാത്രത്തിലൂടെ ആണ് ചിത്രം കഥ പറയുന്നത്. ഗോവയുടെ അന്തരീക്ഷത്തില്‍ കഥ പറയുന്ന ചിത്രം ഒരു പുതിയ അവതരണ ശൈലിയാണ് പിന്തുടരുന്നത്.

 

അങ്കമാലി ഡയറീസ് 

86 പുതുമുഖങ്ങളെ പ്രധാന കഥാപാത്രമാക്കി ഒരുക്കിയ ചിത്രമാണ് അങ്കമാലി ഡയറീസ്. അങ്കമാലി എന്ന ഒരു ദേശത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രം ലീനിയര്‍, നോണ്‍ ലീനിയര്‍ വിവരണങ്ങളുടെ പരിധികളില്‍ നില്‍ക്കുന്നില്ലെങ്കിലും സൂക്ഷ്മമായ കാഴ്ച പ്രേക്ഷകരില്‍ നിന്നും ആവശ്യപ്പെടുന്ന ചിത്രമാണ്. ഏക നായക കേന്ദീകൃതമായ സിനിമ സങ്കല്പങ്ങൾക്ക് ഒരു മാറ്റം കൂടിയായിരുന്നു ഈ ചിത്രം.


ഈ.മ.യൗ

മലയാള സിനിമ ലോകത്തിന് അഭിമാനത്തിന്റെ ഒരു പൊൻതൂവൽ നൽകിയ ചിത്രമായിരുന്നു ഈ മ യൗ. നിരവധി പുരസ്‌കാര വേദികളിൽ തിളങ്ങിയ ചിത്രം ഒരു ശവമടക്കിന്റെ കഥയാണ് പറയുന്നത്. എന്നാൽ ഇത് വെറുമൊരു ശവമടക്കിന്റെ കഥയല്ല പറയുന്നത് സാധാരണക്കാരനായ ഒരാളുടെ ഒരസ്വാഭാവികതയുമില്ലാത്ത മരണത്തിൽ തുടങ്ങി സാമൂഹ്യ, രാഷ്ട്രീയ,  സമകാലീന സാഹചര്യങ്ങളെ വിമർശിക്കുന്ന ചിത്രമാണിത്. ലാറ്റിൻ അമേരിക്കൻ സിനിമ അനുഭവത്തെ അനുസ്മരിക്കുന്ന ചിത്രം കൂടിയാണ് ഈ മ യൗ.

വിജയ പരാജയങ്ങള്‍ക്കപ്പുറമുള്ള പരീക്ഷണങ്ങള്‍ ചെയ്യുന്ന രീതികള്‍ ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകന് ആരാധകരെയും വിമര്‍ശകരെയും ഒരുപോലെ നേടിക്കൊടുത്തു. താരത്തിന്റെ സിനിമ ആയല്ല സംവിധായകന്റെ സിനിമയായാണ് ലിജോ ജോസ് സിനിമകള്‍ അടയാളപ്പെടുത്താറുള്ളത്.