11,500 അടി ഉയരെനിന്നും ഹെലികോപ്ടർ താഴേക്ക്; തൂക്കിയെടുത്ത് വ്യോമസേന: വീഡിയോ

11,500 അടി ഉയരെനിന്നും ഹെലികോപ്ടർ താഴേക്ക് പതിക്കുന്ന ഒരു അവസ്ഥയെക്കുറിച്ച് ചിന്തിക്കാൻ പോലും സാധ്യമല്ല. എന്നാൽ ഇത്തരമൊരു അവസ്ഥ നേരിട്ടതിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
കേദാർനാഥിന്റെ ഉയരങ്ങളിൽ നിന്നും തകർന്നു വീണ ഹെലികോപ്ടറാണ് വ്യോമസേന ഉദ്യോഗസ്ഥർ തൂക്കിയെടുത്തത്. എം ഐ 17 വി5 എന്ന ഹെലികോപ്ടറാണ് ഒക്ടോബർ 26-ാം തീയതി തകർന്നുവീണത്. ഹെലികോപ്ക്ടർ വീണ സ്ഥലത്തേക്ക് കാൽനടയായി മാത്രമേ എത്താൻ സാധിക്കുകയുള്ളു. ഈ സാഹചര്യത്തിലാണ് വ്യോമസേന തകർന്നുവീണ ഹെലികോപ്ടറിനെ മറ്റൊരു ഹെലികോപ്ടർ ഉപയോഗിച്ച് എടുത്തുമാറ്റിയത്. ഡെറാഡൂണിന് സമീപം സഹസ്ത്രധാരയിലാണ് ഈ ഹെലികോപ്ടര്‍ എത്തിച്ചത്.
അപകടത്തിൽ തകർന്നുവീണ ഹെലികോപ്ടറിനെ മറ്റൊരു ഹെലികോപ്ടർ ഉപയോഗിച്ച് എടുത്തുമാറ്റുക എന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നുവെന്നും ഇത് വളരെയധികം ശ്രദ്ധയോടെ ചെയ്യേണ്ടതാണെന്നും ഐ എ എഫ് വക്താവ് പറഞ്ഞു. അതേസമയം ഇത് തങ്ങളുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.