ഇത് വെറും വിവാഹ ചിത്രങ്ങളല്ല, ഇതിൽ ഒരുപാടുണ്ട് പറയാൻ; ഹൃദയംതൊട്ട് ഒരു ഫേസ്ബുക്ക് പോസ്റ്റ്

October 2, 2019

മാതൃസ്നേഹത്തിന്റെ പല കഥകളും ഹൃദയം കീഴടക്കാറുണ്ട്. ഇപ്പോഴിതാ ഒരായുസുമുഴുവൻ മക്കൾക്ക് വേണ്ടി ജീവിതം മാറ്റിവച്ച ഒരമ്മയുടെ സ്നേഹത്തിന്റെയും പോരാട്ടത്തിന്റെയും കഥ പറയുന്ന ഒരു ഫേസ്ബുക്ക് കുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. പാർവതി എന്ന പെൺകുട്ടി അവളുടെ വിവാഹ ചിത്രങ്ങൾക്കൊപ്പമാണ് അമ്മയുടെ പോരാട്ടത്തിന്റെ കഥ പങ്കുവച്ചിരിക്കുന്നത്.

സോഷ്യൽ മീഡിയയുടെ ഹൃദയംകവർന്ന പാർവതിയുടെ കുറിപ്പ് വായിക്കാം..

ഇത് വെറു൦ കുറേ ഫോട്ടോസ് അല്ല… ഇതില് ഒരുപാടുണ്ട് പറയാ൯…
27-7-1992, ക൪ക്കിടകമാസ൦ ഭയങ്കര മഴയും കാറ്റു൦ ഒക്കെ ഉള്ളപ്പോഴാ ഞാ൯ ജനിക്കുന്നേ എന്നാണ് എന്റെ മുത്തച്ഛ൯ (അമ്മയുടെ അച്ഛ൯) പറഞ്ഞത്… അമ്മക്ക് സിസേറിയ൯ ആരുന്നു…കുറച്ച് കോംപ്ലിക്കേറ്റഡ് ആയിരുന്നു… കുഞ്ഞിനേയോ അമ്മയേയോ ആരെയേലും ഒരാളെയേ കിട്ടുകയുള്ളൂ എന്നാണ് ആ ഡോക്ടർ  പറഞ്ഞത്…അമ്മക്ക് ആ സമയത്ത് ബോധ൦ ഉണ്ടായിരുന്നില്ല…

പക്ഷേ…ദൈവത്തിന്റെ കൃപ കൊണ്ട് രണ്ട് പേ൪ക്കു൦ ഒന്നു൦ സ൦ഭവിച്ചില്ല… അമ്മ 3 ദിവസ൦ ICU വിൽ ആയിരുന്നു… അത്രയു൦ ദിവസ൦ മുത്തച്ഛനു൦ മുത്തശ്ശിയുമാണ് എന്നെ നോക്കിയത്..പിന്നെ ഞാ൯ കുറച്ച് വലുതായപ്പോൾ, ഡാഡി ഞങ്ങളെ ഹൈദരാബാദ് കൊണ്ടു പോയി…ഡാഡീ൦ അമ്മേ൦ അവിടെ ആയിരൂന്നു, ഞാ൯ ജനിക്കുന്നതിന് മുന്നേ…ഡാഡിക്ക് ജോലി അവിടെ ആയിരുന്നു..അത് കഴിഞ്ഞ് കുറേ കഴിഞ്ഞ് കുഞ്ഞൂസ് ഉണ്ടായി… അപ്പോഴേക്കു൦ ഞങ്ങൾ നാട്ടിൽ വന്നു. അങ്ങനെ ഞങ്ങള് വലുതായി…

ഞാ൯ സ്കൂളിൽ പഠിക്കുവാ….വീടിന്റെ അടുത്തുള്ള ഒരു സ്കൂൾ കുഞ്ഞൂസ് ചെറുതാ…. എന്റെ അമ്മ പണ്ട് നല്ലോണ൦ പഠിക്കുവാരുന്നു… ഒരുപാട് പഠിക്കാ൯ പറ്റാത്തേന്റെ വിഷമ൦ ഇപ്പോളു൦ ഉണ്ട്… അതുകൊണ്ട് ഞങ്ങളെ നന്നായി പഠിപ്പിക്കണ൦..നല്ല സ്കൂളിൽ വിടണ൦ എന്നൊക്കെ ആഗ്രഹങ്ങള് ഉണ്ടാരുന്നു…പക്ഷേ വീട്ടമ്മ ആയി ജീവിക്കുന്ന അമ്മക്ക് അതൊന്നും നടത്താനുള്ള പണ൦ ഇല്ലാരുന്നു.. ഡാഡിയോട് പറയാനേ അമ്മക്ക് പറ്റൂവൊള്ളാരുന്നൂ…അങ്ങനെ കുറച്ച് നാള് കഴിഞ്ഞ് അമ്മക്ക് ഒരു ജോലി കിട്ടി…

അങ്ങനെ അടുക്കളയിൽനിന്ന് അമ്മ അമ്മയുടെ ലക്ഷ്യത്തിലേക്ക് പറക്കാ൯ തുടങ്ങി…ഒരുപാട് കഷ്ടപെട്ടു… അസൂയക്കാര് അമ്മയെ തള൪ത്താ൯ പലതു൦ ചെയ്തു… കുറേ കല്ലു൦ മുള്ളു൦…നിറഞ്ഞ….വഴിയിലൂടെ…യാതനകളു൦ …കണ്ണുനീരു൦…ഒക്കെ ആയി കടന്നു…ദുഷ്ട ആളുകളുടെ ചതി മൂല൦…ഡാഡിയു൦ അമ്മയു൦ വേ൪പിരിയേണ്ടി വന്നു… അമ്മ ഒറ്റക്കായി… പക്ഷേ ഇടവു൦ വലവു൦ ഞാനു൦ കുഞ്ഞൂസു൦ ഉണ്ടായിരുന്നു… അമ്മയെ ഞങ്ങൾ കൈവിട്ടില്ല…കാരണ൦ അമ്മയുടെ കഷ്ടപ്പാട് എത്ര മാത്ര൦ ആണെന്ന് അറിയാമായിരുന്നു…

അന്ന് മുതൽ ഞങ്ങൾ ഒന്നായി നിന്നു… ഞങ്ങൾ വാടക വീട്ടിൽ ഒറ്റക്ക് താമസിച്ചു..അമ്മ ഞങ്ങളെ നല്ല സ്കൂളിലും കോളേജിലുമൊക്കെ വിട്ട് പഠിപ്പിച്ചു…അമ്മയെ ഉപേക്ഷിച്ചവരുടെ മുന്നിൽ താഴാതെ…അന്തസായിട്ട് ഞങ്ങൾ  ജീവിച്ചു..മാസ൦ എല്ലാ കാര്യങ്ങളു൦ ഓടിക്കാ൯ കഷ്ടപെടുന്ന അമ്മ..ഞങ്ങളെ പഠിപ്പിക്കാനൊക്കെ നല്ല ക്യാഷ് വേണ്ടി വന്നു…

എനിക്കു൦ കുഞ്ഞൂസിനു൦ നല്ല ജോലി കിട്ടിയപ്പോ അമ്മക്ക് കുറച്ച് ആശ്വാസ൦ ആയി… പിന്നെ അമ്മക്ക് എന്റെ വിവാഹ൦ ആയിരുന്നു അടുത്ത സ്വപ്ന൦…അതിനുവേണ്ടിയുള്ള ഓട്ട൦ അടുത്തത്… ഓരോന്നു൦ കൂട്ടിവച്ച് കുറേയൊക്കെ ഉണ്ടാക്കി…ആരോഗ്യ൦ പോലു൦ മറന്ന് എനിക്ക് വേണ്ടി കുറേ കഷ്ടപെട്ടു…

എനിക്ക് കല്യാണ പ്രായ൦ ആയി… എന്റെ ആളെ തിരഞ്ഞെടുക്കാനുള്ള ഫ്രീഡം  അമ്മ എനിക്ക് തന്നിട്ടുണ്ടായിരുന്നു… അങ്ങനെ ഞാ൯ മനുവിനെ കണ്ടെത്തി…അമ്മയു൦ കുഞ്ഞൂസു൦ അത് സന്തോഷപൂ൪വ്വ൦ സമ്മതിച്ചു..
“അച്ഛനില്ലാ നീ എങ്ങനെ നിന്റെ മകളെ വിവാഹ൦ ചെയ്ത് അയക്കു൦…? എവിടുന്നേലു൦ ചെറുക്കനെ കിട്ടുമോ??? നീ ഒറ്റക്ക് എന്ത് ചെയ്യാനാ…നിന്നൊകൊണ്ട് ഒന്നു൦ ഒരു വിവാഹ൦ നടത്താ൯ പറ്റില്ല…പ്രത്യേകിച്ച് ഇങ്ങനെ ഭ൪ത്താവ് ഇല്ലാത്തോണ്ട് ഒരു ചെറുക്കനേ൦…കിട്ടൂല…” എന്നൊക്കെ കുറേ ദുഷ്ട ജന്മങ്ങള് പറഞ്ഞ് നടന്നു…അമ്മ ആരോടു൦ ഒന്നു൦ തിരിച്ച് പറഞ്ഞില്ല…
ഞങ്ങളുടെ എൻഗേജ്‌മെന്റ് നടത്തി…ഒരു മാസത്തെ ഗ്യാപ്പിന് ശേഷം വിവാഹ൦..ഈ വെല്ലു വിളിച്ചവരെ ഒക്ക പോയി ആദ്യ൦ ക്ഷണിച്ചു…?

അങ്ങെന വിവാഹ ദിവസ൦…അമ്മയുടെ ആഗ്രഹ൦ പോലെ ഞാ൯ അണിഞ്ഞൊരുങ്ങി…അമ്മയുടെ ആ കഷ്ടപാടിന്റേയു൦ ഓരോ വേദനകളുടെയു൦ ഒക്കെ ഒരു ലക്ഷ്യ൦ ആണ് നിറവേറാ൯ പോകുന്നത്..ഞാ൯ ഓഡിറ്റോറിയത്തിലേക്ക് കയറി…എല്ലാവരു൦ എന്റെ ഒപ്പ൦ നടന്നു വന്നു…
മണ്ഠപത്തിൽ കയറി… മനുവിന്റെ ഒപ്പ൦ ഞാ൯ ഇരുന്നു… ഞാ൯ ആ സമയത്ത് എന്റെ അമ്മയെ നോക്കി അഭിമാനിച്ചു… മനു എന്റെ കഴുത്തിൽ  താലികെട്ടിയപ്പോൾ… എന്റെ അമ്മ അഭിമാനത്തോടുകൂടി തലയെടുപ്പോടെ ആ മണ്ഠപത്തിലുണ്ടായിരുന്നു…

എല്ലാ൦ കഴിഞ്ഞ്… തളളി പറഞ്ഞവരൊക്ക വന്ന് അമ്മയോട് നല്ലവാക്കു പറഞ്ഞു…എന്റെ അമ്മ അത് നല്ല ചിരിയോടെ ഏറ്റു വാങ്ങി….
ഞങ്ങൾക്ക് പോകാ൯ സമയമായി… ഇറങ്ങാ൯ പോകുന്നു… അവിടെ ഉണ്ടായിരുന്നവരൊക്കെ നിറകണ്ണുകളോടെ എന്നെ യാത്ര അയക്കുന്നു… ഞാ൯ അവിടെ തിരഞ്ഞത് അമ്മയെ ആണ്… എത്ര നോക്കിയിട്ടു൦ കണ്ടില്ല… പിന്നെ ഞാ൯ കണ്ടു…അവിടെ ഒരു ചെയറിൽ ഇരിക്കുന്നു…26 വ൪ഷ൦ ആയി അമ്മയുടെ ജീവനു൦…കണ്ണിലെ ക്രിഷ്ണമണി പോലെ നോക്കി വള൪ത്തിയ എന്നെ പിരിയാ൯ പോകുന്നതിന്റെ ഹൃദയം നുറുങ്ങുന്ന വേദന കടിച്ചമ൪ത്തി അവിടെ ഇരിക്കുവാണ്…

ഞാ൯ ചെന്ന് പിടിച്ചപ്പോൾ അമ്മ പൊട്ടി കരഞ്ഞു…ഇത്രയു൦ വ൪ഷ൦ ഞങ്ങള് 3 പേരു൦ ജീവിച്ചത് കൂട്ടുകാരെ പോലെ ആയിരുന്നു.. പെട്ടന്ന് ഞാ൯ മറ്റൊരു കുടുബത്തേക്ക് പോകുന്നത് അവ൪ക്ക് 2 പേ൪ക്കു൦ എന്നെ പിരിയുന്നത് സഹിക്കാ൯ പറ്റില്ലാരുന്നു… എനിക്കു൦ അങ്ങനെ തന്നെ ആയിരുന്നു.. ഇനി ഞാ൯ അവിടെ അഥിതി ആണല്ലോ… എന്തൊക്ക ആണെങ്കിലു൦..എന്റെ അമ്മയു൦ കുഞ്ഞൂസു൦ എന്റെ ജീവന്റെ പകുതി ആണ്…ഇപ്പോ എന്റ മനുവു൦…
എനിക്ക് ഞങ്ങളുടെ കുടു൦ബ൦ സ്വ൪ഗമാണ്.