പിന്നണിഗായികയായി വൈഷ്ണവികുട്ടി; ശ്രദ്ധനേടി ചാച്ചാജിയിലെ ഗാനം
ഫ്ളവേഴ്സ് ടോപ് സിംഗറിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടഗായികയ്യി മാറിയ താരമാണ് വൈഷ്ണവികുട്ടി. ഇപ്പോഴിതാ ചലച്ചിത്ര പ്രേമികൾക്കിടയിൽ ശ്രദ്ധ നേടുകയാണ് വൈഷ്ണവി പണിക്കർ ആലപിച്ച ചാച്ചാജി എന്ന ചിത്രത്തിലെ ഗാനം. ‘ആദ്യാക്ഷരമെൻ അറിവായ് കുറിപ്പിച്ച….’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വിഡിയോ ആണ് അണിയറക്കാർ പുറത്തുവിട്ടിരിക്കുന്നത്. എം ഹാജ മൊയ്തീൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ചാച്ചാജി. ചിത്രത്തിലെ ഗാനത്തിന്റെ വരികൾ തയാറാക്കിയിരിക്കുന്നത് സംവിധായകൻ ഹാജ മൊയ്തീൻ തന്നെയാണ്. എം ജി ശ്രീകുമാർ ഈണമിട്ട ഗാനത്തിലെ വൈഷ്ണവിയുടെ ആലാപനമാണ് ഗാനത്തിന്റെ മുഖ്യ ആകർഷണം.
ചാച്ചാജിയിലെ ഈ ഗാനത്തിലൂടെ സിനിമ പിന്നണി ഗാനരംഗത്തേക്കും ചുവടുവച്ചിരിക്കുകയാണ് വൈഷ്ണവി പണിക്കർ. അതേസമയം ദേശീയ പുരസ്കാര ജേതാവ് സുരഭി ലക്ഷ്മി നായികയായി എത്തുന്ന ചിത്രമാണ് ചാച്ചാജി. മരുതുപുരം എന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ചാച്ചാജി. ആ ഗ്രാമത്തിലെ ജനതകളെയും അവരെ ഉള്ളറിഞ്ഞ് സ്നേഹിക്കുന്ന ചാച്ചാജിയുടെയും കഥ പറയുന്ന ചിത്രമാണ് ചാച്ചാജി.
ഫാമിലി സിനിമാസിന്റെ ബാനറിൽ പ്രവാസി റഹിം നിർമ്മിക്കുന്ന ചിത്രത്തിൽ ബാലാജി ശർമ, ദിനേശ് പണിക്കർ, വി.കെ ബൈജു, ദീപക് രാജ് പുതുപ്പള്ളി, നൗഫ നജ്മ, മാളവിക എസ്. ഗോപൻ, ആഷിക് അശോകൻ എന്നിവർക്കൊപ്പം ബാലതാരം കൃഷ്ണശ്രീയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.