മൂന്നാം വയസുമുതല്‍ യോഗ; യോഗ മുത്തശ്ശി നന്നമ്മാള്‍ ഇനി ഓര്‍മ്മ

October 28, 2019

യോഗാ മുത്തശ്ശി എന്നറിയപ്പെട്ടിരുന്ന നന്നമ്മാള്‍ ഇനി ഓര്‍മ്മ. 99 വയസ് പൂര്‍ത്തിയാക്കിയ നന്നമ്മാള്‍ ലോകത്തിലെ ഏറ്റവും പ്രായമേറിയ യോഗ ഗുരുവായാണ് അറിയപ്പെട്ടിരുന്നത്.

കോയമ്പത്തൂരാണ് നന്നമ്മാളിന്റെ സ്വദേശം. മൂന്നാം വയസുമുതല്‍ യോഗ പഠനം ആരംഭിച്ചതാണ് നന്നമ്മാള്‍. ഒരു സാധാരണ കര്‍ഷക കുടുംബത്തിലായിരുന്നു നന്നമ്മാളിന്റെ ജനനം. യോഗ അഭ്യസിച്ചതാവട്ടെ മുത്തച്ഛനില്‍ നിന്നും. ആറ് മക്കള്‍ക്കും നന്നമ്മാള്‍ ജന്മം  നല്‍കി. കുടുംബത്തിലെ എല്ലാവരെയും യോഗ പഠിപ്പിക്കുകയും ചെയ്തു.

യോഗയുടെ ശക്തമായ പെണ്‍കരുത്തായിരുന്നു നന്നമ്മാള്‍. കുടുംബത്തിലുള്ളവര്‍ക്ക് പുറമെ തന്റെ ഗ്രാമത്തിലുള്ളവരെയും യോഗാ മുത്തശ്ശി യോഗാഭ്യാസങ്ങള്‍ പരിശീലിപ്പിച്ചു. പത്ത് ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളെ യോഗ പഠിപ്പിച്ചിട്ടുണ്ട് ഈ മുത്തശ്ശി. നവമാധ്യമങ്ങളുടെ വരവോടെ സോഷ്യല്‍ മീഡിയയിലും നന്നമ്മാള്‍ യോഗാ ഗുരുവായി.

നിരവധി പുരസ്‌കാരങ്ങളും ഈ യോഗ മുത്തശ്ശിയെ തേടിയെത്തിയിട്ടുണ്ട്. 2016 ല്‍ നാരി ശക്തി പുരസ്‌കാരം, 2017- ല്‍ യോഗാരത്‌ന, 2018 ല്‍ പത്മശ്രീ ഇങ്ങനെ നീളുന്നു നന്നമ്മാളിന് ലഭിച്ച പുരസ്‌കാരങ്ങള്‍. നിറചിരിയോടെ സമൂഹത്തിന് യോഗയുടെ വലിയ പാഠങ്ങള്‍ പരിശീലിപ്പിച്ച യോഗ മുത്തശ്ശി ഇനി ഓര്‍മ്മ.