കടൽക്കാഴ്ചകളിൽ അലിഞ്ഞ് ദുൽഖർ; ശ്രദ്ധനേടി ഫോട്ടോഷൂട്ട്, വീഡിയോ

തെന്നിന്ത്യ മുഴുവൻ ആരാധകരെ നേടിയെടുത്ത താരമാണ് ദുൽഖർ സൽമാൻ. മലയാളത്തിനും തമിഴിനും തെലുങ്കിലുമൊക്കെ പുറമെ ബോളിവുഡിലും നിറസാന്നിധ്യമായികൊണ്ടിരിക്കുന്ന താരത്തിന്റെ ഫോട്ടോഷോട്ട് വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. ഒരു മ്യൂസിക് വീഡിയോയുടെ ഭാഗമായി നടത്തിയ ഫോട്ടോഷൂട്ടാണ് വൈറലാകുന്നത്.
‘ദി റാംപ്ലർ’ എന്ന തലക്കെട്ടോടെയുള്ള വീഡിയോ ദുൽഖർ തന്നെയാണ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. നടനും ഫോട്ടോഗ്രാഫറുമായ ഷാനി ഷാക്കിയും ചന്ദ്രശേഖർ മേനോനും ചേർന്നാണ് ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്.
അതേസമയം ദുൽഖറിന്റേതായി അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന ചിത്രമാണ് ‘കുറുപ്പ്’. കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതം പറയുന്ന ചിത്രമാണ് ‘കുറുപ്പ്’. അതേസമയം ചിത്രത്തിന് വേണ്ടിയുള്ള ദുൽഖറിന്റെ ലുക്കും ചലച്ചിത്ര ലോകത്ത് ശ്രദ്ധ നേടിയിരുന്നു.
സംവിധായകന് ശ്രീനാഥ് രാജേന്ദ്രനാണ് ‘കുറുപ്പ്’ സംവിധാനം ചെയ്യുന്നത്. ‘അരങ്ങിലെ കാഴ്ചകളേക്കാള്‍ വിസ്മയിപ്പിക്കുന്നതാണ് അണിയറയിലെ സത്യങ്ങള്‍…” എന്ന ടാഗ് ലൈനോടെയാണ് സിനിമയെത്തുന്നത്. ദുൽഖർ സൽമാൻ സുകുമാരക്കുറുപ്പിനെ അവതരിപ്പിക്കുന്ന ചിത്രം തന്റെ സ്വപ്ന പദ്ധതിയാണെന്ന് സംവിധായകൻ നേരത്തെ ഫേസ്ബുക്ക് പേജിലൂടെ വെളിപ്പെടുത്തിയിരുന്നു. ‘സെക്കൻഡ് ഷോ’, ‘കൂതറ’ എന്നീ സിനിമകൾക്കു ശേഷം ശ്രീനാഥ് സംവിധാനം ചെയ്യുന്ന സിനിമയാണ് ‘കുറുപ്പ്’.
Read also: പാട്ടുപാടി സൗബിനും കുഞ്ഞപ്പനും; രസകരം ഈ വീഡിയോ
1984 ൽ ചാക്കോ എന്ന ചലച്ചിത്ര വിതരണക്കാരനെ സുകുമാരക്കുറുപ്പ് വളരെ ആസൂത്രിതമായി കൊലപ്പെടുത്തിയ ശേഷം ശവശരീരം ചുട്ടുകരിച്ചു. താനാണ് മരിച്ചതെന്ന് തെറ്റിദ്ധരിപ്പിച്ച് ഇയാൾ ജോലി ചെയ്തിരുന്ന കമ്പനിയിൽ നിന്ന് ഇൻഷുറൻസ് തുക തട്ടിയെടുക്കുക എന്നതായിരുന്നു ലക്ഷ്യം. ബസ് കാത്തുനിൽക്കുകയായിരുന്ന ചാക്കോയെ ലിഫ്റ്റ് നൽകാമെന്ന് പറഞ്ഞ് സുകുമാരക്കുറുപ്പ് കാറിൽ കയറ്റി യാത്രാമദ്ധ്യേ കഴുത്തിൽ തുണിമുറുക്കി കൊല്ലുകയായിരുന്നു. പിന്നീട് പിടികിട്ടാപ്പുള്ളിയായി മുദ്രകുത്തിയ സുകുമാരക്കുറുപ്പിന്റെ ജീവിതം മുമ്പും പലരും സിനിമയാക്കിയിട്ടുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമായിരിക്കും ഈ ചിത്രമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചത്.