ലോക്ക് ഡൗൺ കാലത്ത് സൗന്ദര്യകാര്യത്തിലും വേണം അല്പം കരുതൽ
ലോക്ക് ഡൗൺ കാലത്ത് വീട്ടിലിരിക്കുമ്പോൾ സൗന്ദര്യകാര്യത്തിലും അല്പം കരുതൽ വേണം. വീട്ടിൽ ഇരിക്കുമ്പോൾ ചർമ്മ സംരക്ഷണത്തിനായി ചെയ്യാൻ കഴിയുന്ന ചില പൊടികൈകളുണ്ട്. ചർമ്മത്തിന് കൂടുതൽ പ്രായം തോന്നിക്കുന്നതും ഇന്ന് പലരെയും അലട്ടുന്ന പ്രശ്നമാണ്. വരണ്ട ചര്‍മം, പോഷകങ്ങളുടെ കുറവ്, വെള്ളം കുടിയ്ക്കാത്തത്, സ്ട്രൈസ്, ഉറക്കക്കുറവ്, അമിതമായി വെയിലേല്‍ക്കുന്നത് തുടങ്ങിയവയെല്ലാം ചർമ്മത്തിൽ പ്രായം കൂടുതൽ തോന്നിയ്ക്കാൻ കാരണമാകും.
മുഖകാന്തിക്ക് ഏറ്റവും നല്ല മാർഗമാണ് കുക്കുമ്പർ ഫേസ്പാക്ക്. കുക്കുമ്പറിൽ സിലിക അടങ്ങിയതാണ്. അതിനാൽ ഇത് മുഖത്തെ ചുളിവുകള്‍ നീക്കി മുഖത്തിനു പ്രായക്കുറവു തോന്നാൻ സഹായിക്കും. ഇത് കോശങ്ങള്‍ക്ക് മുറുക്കം നല്കി ചര്‍മം അയയാതെ കാത്തു സൂക്ഷിയ്ക്കുന്നു. ഒരു കുക്കുമ്പർ കട്ട് ചെയ്ത ശേഷം ഒരു മുട്ടയുടെ വെള്ള, ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങാനീര്, അല്പം പുതിന ഇല, അല്പം ആപ്പിള്‍ ഉടച്ചത് എന്നിവ ചേര്‍ക്കുക. ഇവ എല്ലാംകൂടി ചേർത്ത് അരച്ചെടുക്കുക. ഇത് മുഖത്തു പുരട്ടി കുറച്ച് സമയങ്ങൾക്ക് ശേഷം കഴുകി കളയുക.
ഒരു കപ്പ് മോരില്‍ 4 ടേബിള്‍ സ്പൂണ്‍ വേവിച്ച ഓട്സ്മീല്‍ തണുത്തതിന് ശേഷം ചേര്‍ത്തിളക്കുക. ഇതില്‍ ഒരു ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയില്‍, ബദാം ഓയില്‍ എന്നിവ ചേര്‍ക്കുക. ഇത് മുഖത്തും കഴുത്തിലും പുരട്ടി 20 മിനിറ്റു കഴിഞ്ഞു കഴുകിക്കളയാം. ചര്‍മത്തിലെ ചുളിവുകള്‍ കളയാനുള്ള എളുപ്പവഴിയാണിത്.