ഇനി കലാ മാമാങ്കത്തിന്റെ നാലുനാളുകൾ- അറുപതാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു
അറുപതാമത് സ്കൂൾ കലോത്സവത്തിന് തുടക്കമായി. 28 വർഷങ്ങൾക്ക് ശേഷം കലാമാമാങ്കം വരവേൽക്കുന്ന ആവേശത്തിലാണ് കാസർകോട്. വളരെ വിപുലമായ പരിപാടികളാണ് അതിനാൽ തന്നെ ഉദ്ഘാടന ചടങ്ങുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ, രാജ്മോഹൻ ഉണ്ണിത്താൻ എം പി എന്നിവരുടെ സാന്നിധ്യത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻ ബാബു ആണ് പതാക ഉയർത്തിയത്. സിനിമ താരം ജയസൂര്യ ഉദ്ഘാടകനായി.
പി കുഞ്ഞിരാമൻ നായരുടെ പേരിലുള്ള വേദിയിലാണ് ഉദ്ഘാടന ചടങ്ങ് അരങ്ങേറുന്നത്. 28 വേദികളിലായാണ് മത്സരങ്ങൾ അരങ്ങേറുന്നത്. ഉദ്ഘാടന ദിനം ജനപ്രിയ കലാരൂപങ്ങളായ മോഹിനിയാട്ടം, സംഘനൃത്തം, കോൽക്കളി, ചവിട്ടുനാടകം എന്നിവയാണ് അരങ്ങേറുന്നത്.
കേരളത്തിന്റെ എല്ലാ ഭാഗത്തു നിന്നുമുള്ളവർ കലാമാമാങ്കത്തിൽ പങ്കെടുക്കാനും ആസ്വദിക്കാനുമായി എത്തിച്ചേർന്നിട്ടുണ്ട്. ഉദ്ഘാടന ചടങ്ങിൽ 60 അധ്യാപകർ ചേർന്ന് ഗാനമാലപിച്ച് വേദിയെ ആകർഷണീയമാക്കി.
239 മത്സര ഇനങ്ങളിലായി 13000 മത്സരാർത്ഥികൾ മാറ്റുരയ്ക്കും. പതിവ് തെറ്റിക്കാതെ കലോത്സവ വേദിയിൽ 60 സഹായികൾക്കൊപ്പം പഴയിടം നമ്പൂതിരിയുടെ ഊട്ടുപുരയും ഉയർന്നിട്ടുണ്ട്.