മരണത്തെ തോല്പിച്ച് വീണ്ടും ജീവിക്കാം; പരീക്ഷണം മനുഷ്യരിലും
‘മരണം’ എന്ന വാക്ക് കേള്‍ക്കുമ്പോള്‍ തന്നെ പലരുടെയും നെഞ്ചൊന്ന് പിടയും. അത്ര ഭയത്തോടെയാണ് പലരും മരണത്തെക്കുറിച്ച് കേള്‍ക്കുന്നത്. എന്നാല്‍ മരണത്തെ അതിജീവിക്കാന്‍ സാധിച്ചാലോ. പറഞ്ഞു വരുന്നത് മാരകമായി മുറിവേറ്റ് മരണം ഉറപ്പാക്കിയവരെക്കുറിച്ചാണ്. ശരീരത്തില്‍ ജീവന്റെ ഒരു കണിക മാത്രം അവശേഷിക്കുന്നവരെക്കുറിച്ച്. ഇവരെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരുന്നതിന്റെ പേരാണ് സസ്പെന്‍ഡഡ് ആനിമേഷന്‍. മുന്‍പ് മൃഗങ്ങളിലും മത്സ്യങ്ങളിലും പരീക്ഷിച്ച് വിജയിച്ച സസ്പെന്‍ഡഡ് ആനിമേഷന്‍ മനുഷ്യരിലും പ്രയോഗിച്ചിരിക്കുകയാണിപ്പോള്‍.
ഏകദേശം മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സസ്പെന്‍ഡഡ് ആനിമേഷനെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച വ്യാപകമായത്. ഇതിന് കാരണവുമുണ്ട്. സസ്പെന്‍ഡഡ് ആനിമേഷനുമായി ബന്ധപ്പെട്ട വീഡിയോ അക്കാലത്ത് സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഫ്രീസറില്‍ നിന്നെടുത്ത ഐസ് പോലിരിക്കുന്ന മീനിനെ ജീവനുള്ള മറ്റൊരു മീന്‍ ഓടിക്കളിക്കുന്ന പാത്രത്തില്‍ ഇടുന്നു. അല്പസമയം കഴിയുമ്പോള്‍ തണുത്തുറഞ്ഞ മീനിന് ജീവന് വയ്ക്കുന്നതുമായിരുന്നു ഈ വീഡിയോയില്‍.
എന്നാല്‍ സസ്പെന്‍ഡഡ് ആനിമേഷന്‍ മനുഷ്യനില്‍ പ്രയോഗിക്കുന്നത് ഇത് ആദ്യമായാണ്. ഗുരുതരമായി പരിക്കേറ്റ രോഗികളെ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് കൂടുതല്‍ സമയം ലഭ്യമാക്കാന്‍ സസ്പെന്‍ഡഡ് ആനിമേഷന്‍ എന്ന പ്രക്രിയ സഹായിക്കും എന്നാണ് കണ്ടെത്തല്‍. ഗുരുതരമായി മുറിവേറ്റ രോഗിയുടെ ശരീരത്തില്‍ രക്തത്തിന് പകരം ഐസ്-കോള്‍ഡ് സലൈന്‍ ലായനി ഉപയോഗിച്ച് തലച്ചോറിനെ മൈനസ് 10 ഡിഗ്രിയില്‍ താഴെയാക്കി തണുപ്പിക്കുന്നതാണ് സസ്പെന്‍ഡഡ് ആനിമേഷന്‍ പ്രക്രിയ. ഹൃദയത്തില്‍ നിന്നും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് രക്തം കൊണ്ടുപോകുന്ന പ്രധാന ധമനിയായ അയോര്‍ട്ടയിലേക്ക് ഈ ലായനി നേരിട്ട് പമ്പ് ചെയ്യപ്പെടുന്നു. ഇതോടെ തലച്ചോര്‍ മരവിക്കുകയും ശസ്ത്രക്രിയ നടത്താന്‍ ആവശ്യത്തിന് സമയം ലഭിക്കുകയും ചെയ്യുന്നു.
Read more:വെള്ളച്ചാട്ടമല്ല, അതിമനോഹരമായി ഒഴുകിയിറങ്ങുന്നത് മേഘക്കൂട്ടം: അത്ഭുതക്കാഴ്ച
ജീവിതത്തിലേക്ക് മടങ്ങി വരാന്‍ അഞ്ച് ശതമാനത്തില്‍ താഴെ മാത്രം സാധ്യതയുള്ളവരിലാണ് സസ്പെന്‍ഡഡ് ആനിമേഷന്‍ പ്രയോഗിക്കുക. ഹൃദയാഘാതം നേരിടുന്നവരിലും മുറിവുകള്‍ മൂലം രക്തം വാര്‍ന്ന് മരിക്കാന്‍ സാധ്യതയുള്ളവരിലുമാണ് സസ്പെന്‍ഡഡ് ആനിമേഷന്‍ പ്രയോഗിക്കാന്‍ സാധിക്കുക. ബാള്‍ട്ടിമോറിലെ മേരിലാന്‍ഡ് യൂണിവേഴ്സിറ്റിയിലെ സാമുവല്‍ ടിഷര്മാന് ആണ് ഈ പരീക്ഷണം ലോകത്തിന് മുമ്പില്‍ അവതരിപ്പിച്ചത്. എന്നാല്‍ സസ്പെന്‍ഡഡ് ആനിമേഷന്‍ നടത്തിയ രോഗി മരണത്തെ അതിജീവിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല.