അനന്തരം: സുമനസ്സുകളുടെ സഹായത്തിന് കാത്തുനില്‍ക്കാതെ സുധാകരന്‍ മരണത്തിന് കീഴടങ്ങി

November 3, 2019

മഹാരോഗങ്ങളോട് പോരാടുന്ന അനേകര്‍ക്ക് സഹായഹസ്തമൊരുക്കുന്ന ഫ്ളവേഴ്‌സ് അനന്തരം പരിപാടിയില്‍ ഇന്ന് പങ്കെടുത്ത കുന്നംകുളം സ്വദേശി വീരാത്തുവളപ്പില്‍ സുധാകരന്‍ നിര്യാതനായി. 54 വയസ്സായിരുന്നു പ്രായം.

ശരീരമാസകലം തളര്‍ന്ന് കിടപ്പിലായിരുന്നു സുധാകരന്‍. മകനൊപ്പം വാടക വീട്ടിലായിരുന്നു താമസം. എട്ടുവര്‍ഷമായി സുധാകരന്‍ രോഗാവസ്ഥയിലായിരുന്നു. വലതുകൈയുടെ വിരലില്‍ അനുഭവപ്പെട്ട ഒരു തരിപ്പോടെയായിരുന്നു രോഗത്തിന്റെ തുടക്കം. പിന്നീട് ശരീരമാസകലം വലിയ രീതിയിലുള്ള തളര്‍ച്ചയിലേക്കെത്തുകയായിരുന്നു.

ആദ്യഘട്ടത്തിലെ ചികിത്സയ്ക്ക് ശേഷം കുറച്ചുനാള്‍ നടക്കാന്‍ സാധിച്ചിരുന്നെങ്കിലും അപ്രതീക്ഷിതമായി സംഭവിച്ച ഒരു വാഹനാപകടം സുധാകരന്റെ അവസ്ഥയെ കൂടുതല്‍ മോശമാക്കി. ചാവക്കാട് കടപ്പുറം പുന്നയ്ക്കചാലിലുള്ള അക്ഷര കലാസാംസ്‌കാരിക വേദി സുധാകരന് അനന്തരം പരിപാടിയുടെ ഭാഗമായി വീല്‍ചെയര്‍ നല്‍കിയിരുന്നു. എന്നാല്‍ സുമനസ്സുകളില്‍ നിന്നും കൂടുതല്‍ സഹായം എത്തുന്നതിന് മുമ്പേ സുധാകരന്‍ മരണത്തിന് കീഴടങ്ങി. സുധാകരന് ആദരാഞ്ജലികള്‍….