കീമോതെറാപ്പിക്ക് ശേഷം അവനി എത്തിയത് കലോത്സവ വേദിയിലേക്ക്; മനോഹര ഗാനത്തിന് നിറഞ്ഞ കൈയടി
കലാമാമാങ്കത്തിന്റെ ആവേശത്തിലാണ് കേരളക്കര. അറുപതാമത് സ്കൂൾ കലോത്സവം കാസർഗോഡ് നഗരത്തിൽ അരങ്ങേറുമ്പോൾ കാണികളുടെ മനവും മിഴിയും നിറച്ച് വിദ്യാർത്ഥികൾ വേദികളിൽ നിറഞ്ഞാടുകയാണ്. ഇത്തരത്തിൽ കലോത്സവ വേദിയുടെ മുഴുവൻ ശ്രദ്ധയും ആകർഷിക്കുകയാണ് അവനി എന്ന പെൺകുട്ടി.
ആശുപത്രിക്കിടക്കയിൽ നിന്നും അവനി എന്ന പെൺകുട്ടി നേരെ എത്തിയത് കലോത്സവ വേദിയിലേക്കാണ്. ഒന്നാം ക്ലാസുമുതൽ കലോത്സവവേദികളിലെ താരമാണ് അവനി. മനോഹരമായ സ്വരമാധുര്യവുമായി എത്തുന്ന ഈ കൊച്ചുമിടുക്കി ഇത്തവണയും മുടങ്ങാതെ കലോത്സവവേദിയിൽ എത്തി. ഒമ്പതാം ക്ലാസുകാരിയായ അവനി ഇത്തവണ ‘ഉഷസ്’ എന്ന മനോഹര കവിതയാണ് വേദിയിൽ ആലപിച്ചത്. കവിതയ്ക്ക് എ ഗ്രേഡും ഈ മിടുക്കി കരസ്ഥമാക്കി.
കഴിഞ്ഞ വർഷമാണ് അവനിയിൽ അർബുദത്തിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. ചികിത്സയുടെ ഭാഗമായി കീമോതെറാപ്പിക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന അവനി ഇത്തവണ കീമോതെറാപ്പി കഴിഞ്ഞ ഉടൻ കലോത്സവ വേദിയിലേക്കാണ് എത്തിയത്. എന്തായാലും നിറഞ്ഞ കൈയടിയോടെയാണ് വേദി ഈ മിടുക്കിയെ സ്വീകരിച്ചത്.
ആളും ആരവങ്ങളുംകൊണ്ട് നിറഞ്ഞിരിക്കുകയാണ് കലോത്സവനഗരിയായ കാഞ്ഞങ്ങാട്. 28 വർഷങ്ങൾക്ക് ശേഷമാണ് കാസർഗോസ് കലാമാമാങ്കം ഒരുങ്ങുന്നത്. 14 ജില്ലകളില്‍ നിന്നായി 27000-ത്തോളം മത്സരാര്‍ത്ഥികള്‍ കലാമാമാങ്കത്തില്‍ പങ്കെടുക്കാനെത്തുന്നുണ്ട്.