ഇനിയും എന്റെ ജീവിതത്തിലേക്ക് വരാതിരിക്കാൻ അവൾ ചോദിച്ച ചങ്കിന്റെ ഒരു ഭാഗം ഇപ്പോൾ പറിച്ചു കൊടുത്തിട്ടുണ്ട്; ഹൃദയംതൊട്ട് നന്ദുവിന്റെ കുറിപ്പ്

November 1, 2019

പരിമിതികളെ മനക്കരുത്തുകൊണ്ട് തോൽപ്പിക്കുന്ന പലരെയും നമ്മൾ കണ്ടുമുട്ടാറുണ്ട്. അത്തരത്തിൽ തന്നെ തേടിവന്ന അർബുദത്തെ നിശ്ചയദാർഢ്യം കൊണ്ട് നേരിട്ട വ്യക്തിയാണ് നന്ദു മഹാദേവ. ആദ്യം നന്ദുവിന്റെ കാലിലാണ് കാന്‍സര്‍ ബാധിച്ചത്. ഇതിന്റെ ഫലമായി ഒരു കാൽ മുറിച്ചുമാറ്റേണ്ടിവന്നു. എന്നാൽ പിന്നീട് നന്ദുവിന്റെ തേടിവന്ന അര്‍ബുദത്തിലൂടെ നന്ദുവിന് ഒരു ശ്വാസകോശവും നഷ്‌ടമായി. എന്നാൽ ഈ വേദനയിൽ നിന്നെല്ലാം നന്ദു ജീവിതത്തെ തിരിച്ചുപിടിച്ചത് ഉറച്ച നിശ്ചയദാർഢ്യത്തോടെയാണ്. വേദനകളെ ചിരിച്ചുകൊണ്ട് നേരിട്ട നന്ദു ലോകം മുഴുവനുമുള്ളവർക്ക് മാതൃകയും പ്രചോദനവുമാണ്.

നന്ദുവിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ആയി വീട്ടിലേക്ക്….!!

അങ്ങനെ ഒരു ശ്വാസകോശവും ഒരു കാലുമായി ഞാൻ വീണ്ടും ജീവിതത്തിലേക്ക്..!!

അല്ലെങ്കിലും ഒന്നാണ് നല്ലത്..!!

രണ്ടു കാലുകൾ ഉള്ള അന്നുണ്ടായിരുന്നതിനേക്കാൾ ആയിരമിരട്ടി സ്‌ട്രോങ് ആണ് ഇപ്പോഴുള്ള ഞാൻ..
അതുപോലെ ഒരു ശ്വാസകോശമുള്ള ഞാൻ മുമ്പുണ്ടായിരുന്നതിനേക്കാൾ പതിനായിരമിരട്ടി ബലവാനാണ് ഇപ്പോൾ..!!

ഈ സർജറിയും ജീവിതത്തിലേക്കുള്ള തിരിച്ചു വരവും അത്ഭുതം എന്നു പറയാനല്ല വിസ്മയം എന്നു പറയാനാണ് ഞാൻ ആഗ്രഹിക്കുന്നത്..!!
റിപ്പോർട്ട് അയച്ചുകൊടുത്ത അമൃത ഉൾപ്പെടെയുള്ള പല ഹോസ്പിറ്റലുകളും കയ്യൊഴിഞ്ഞു..!!
എല്ലാവരും കയ്യൊഴിഞ്ഞപ്പോൾ എന്നെ നെഞ്ചോടു ചേർത്തു വച്ചു ശ്രീചിത്രയിലെ ഡോക്ടർ ശ്രീ ശിവനേഷ് സർ..!!
അദ്ദേഹം തന്ന ഭിക്ഷ തന്നെയാണ് എന്റെ മുന്നോട്ടുള്ള ജീവിതം..!
അദ്ദേഹം മാത്രമല്ല ശ്രീചിത്രയിലെ ഡോക്ടർമാരായ ഹരി സർ ടോം സർ ഒക്കെ ഒരു കുഞ്ഞനിയനെപ്പോലെ എന്നെ തിരികെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തി..!!
ഒപ്പം പ്രിയമുള്ളവരുടെ പ്രാർഥനകൾ തീർത്ത അത്ഭുതം വീണ്ടും എന്നെ അതിശയിപ്പിച്ചു..!!!

സർജറി ചെയ്യാൻ കേവലം ഒരു ദിവസം കൂടി വൈകിയിരുന്നെങ്കിൽ ഞാൻ മരിക്കുമെന്നത് എനിക്കും എന്റെ ഡോക്ടർമാർക്കും 100 ശതമാനം ഉറപ്പായിരുന്നു..!!
എന്റെ ഡോക്ടർമാരുടെയും എന്റെയും മുന്നിൽ വെല്ലുവിളികൾ ഏറെയായിരുന്നു !!
ഈ സർജറി ചെയ്യാൻ പറ്റുമോ എന്ന് പോലും അവർ ആശങ്കപ്പെട്ടു..
കാരണം pet സ്കാൻ റിപ്പോർട്ടിൽ ട്യൂമർ വളർന്ന് വല്ലാത്തൊരു അവസ്ഥയിൽ ആയതായി കണ്ടു..
സർജറി ചെയ്താലും അത് മുഴുവനായി പൂർണ്ണമായും ഒഴിവാക്കാൻ കഴിയില്ലാത്ത അവസ്ഥയിൽ ആയിരുന്നു..
ഇനി വേറെയും ഒരുപാട് പ്രതിസന്ധികൾ മുന്നിൽ ഉണ്ടായിരുന്നു..!

ഒരുപക്ഷേ ജീവിതകാലം മുഴുവൻ ഭക്ഷണം ട്യൂബിലൂടെ കഴിക്കുന്ന അവസ്ഥയിലേക്ക് എത്തപ്പെടാനും ശബ്ദം പൂർണ്ണമായും എന്നെന്നേക്കുമായി നഷ്ടപ്പെടാനുമൊക്കെയുള്ള വളരെ വലിയ സാധ്യത മുന്നിലുണ്ടായിരുന്നു..

ദൈവത്തെ പ്രാർത്ഥിച്ച് എന്തായാലും ചെയ്തു നോക്കാം എന്ന തീരുമാനത്തിലെത്തി..
ആ സമയത്തൊക്കെ എന്റെ പ്രിയപ്പെട്ടവരെല്ലാം മുൾമുനയിൽ ആയിരുന്നു..
പക്ഷേ ഞാൻ നേരത്തേ പറഞ്ഞതുപോലെ വിസ്മയകരമായ ഒരു അത്ഭുതം എന്റെ കാര്യത്തിൽ സംഭവിച്ചു..!!

Pet സ്കാൻ റിപ്പോർട്ടിൽ കണ്ടതിന് വിപരീതമായി മറ്റൊരു തരത്തിലായിരുന്നു ട്യൂമറിന്റെ വളർച്ച..!!
മറ്റ് ഭാഗങ്ങളിലേക്ക് അത് ഒരു കേടുപാടും ഉണ്ടാക്കിയിട്ടുണ്ടായിരുന്നില്ല..!
മറ്റ്‌ ഭാഗങ്ങളിലേക്ക് പടർന്നിട്ടും ഉണ്ടായിരുന്നില്ല..!!
സർജറി കഴിഞ്ഞ ഡോക്ടർമാർ പൂർണ്ണ സന്തോഷത്തിലായിരുന്നു..!!
കാരണം ട്യൂമറിനെ പൂർണ്ണമായും നീക്കം ചെയ്യാൻ അവർക്ക് സാധിച്ചു..!!

എനിയ്ക്ക് ജീവിക്കണം..!!
എന്റെ പ്രിയമുള്ളവരോടൊത്ത് സന്തോഷത്തോടെ ഒത്തിരി വർഷം ജീവിക്കണം..!!
ഒരായുസ്സിൽ ഒരു മനുഷ്യൻ അനുഭവിക്കേണ്ട വേദനയുടെ പതിനായിരം ഇരട്ടി വേദന ഞാൻ അനുഭവിച്ചു കഴിഞ്ഞു..!!
ഇനിയും എന്റെ ജീവിതത്തിലേക്ക് അവൾ വരാതിരിക്കാൻ വേണ്ടി അവൾ ചോദിച്ച ചങ്കിന്റെ ഒരു ഭാഗം ഇപ്പോൾ പറിച്ചു കൊടുത്തിട്ടുണ്ട്..!!
ഇനിയും എന്റെ ജീവിതത്തിലേക്ക് നീ വരില്ലെന്ന് പ്രതീക്ഷിക്കുന്നു…!!

ഈ നിമിഷം വരെ നിനക്ക് എന്റെ മനസ്സിനെ ഒന്ന് സ്പർശ്ശിക്കാൻ കൂടി കഴിഞ്ഞിട്ടില്ല..
കഴിയുകയുമില്ല !!
നെഗറ്റിവിന് എതിരെ ഒരു വര വരച്ചാൽ ഉണ്ടാക്കാവുന്നതേ ഉള്ളൂ ഈ പോസിറ്റിവിറ്റി…!!
പക്ഷേ വരയ്ക്കാൻ അറിയണം അത്ര മാത്രം…!!!!!
വരയ്ക്കാൻ പഠിച്ച എന്നോട് കളി വേണ്ട !!

ഇനി എന്ത് വന്നാലും ഈ തല ഉള്ളിടത്തോളം ഈ പുഞ്ചിരി കൂടെയുണ്ടാകും..!!!
സന്തോഷവും !!!!
വെറുതെ മരിച്ചു ജീവിക്കാനല്ല..
നന്നായി ജീവിച്ചു മരിക്കാൻ തന്നെയാണ് തീരുമാനം !!
സർവ്വവും സർവ്വേശ്വരന്റെ മുന്നിൽ സമർപ്പിക്കുന്നു !!

NB : എന്റെ കാലൊന്ന് ഇടറിയപ്പോൾ എന്റെ അടുത്തേക്ക് ഓടി വന്നു എനിക്ക് വേണ്ട കാര്യങ്ങൾ ചെയ്തു തന്ന സ്നേഹത്തിന്റെ നിറകുടങ്ങളായ ശ്രീ കിടിലം ഫിറോസ് ഇക്കാ സുമിച്ചേച്ചി ഫിറോസ് കുന്നുംപറമ്പിൽ ഇക്കാ അശ്വതി ജ്വാല ചേച്ചി അനില ചേച്ചി dr ഗീത ഷാനവാസ് dr ഷാനവാസ് പ്രിയ സുഹൃത്തുക്കൾ താജുദ്ധീൻ dr ലീന അശ്വതി ജ്വാല ഷഹനാസ് കല്ലറ കിഷോർ ചേട്ടൻ അജി ചേട്ടൻ മനു ചേട്ടൻ ജോൺസൺ ഇടിയാറന്മുള സർ പിന്നെ എന്റെ എല്ലാ കാര്യത്തിനും എന്റെ മുന്നിലുള്ള ചങ്ക് ശ്രീരാഗ് എന്റെ അതിജീവനം കുടുംബ ബന്ധുക്കൾ പിന്നെ മ്മടെ ബിഗ് ഫ്രണ്ട്സ് അങ്ങനെ പേര് പറഞ്ഞാൽ ഒത്തിരിയൊത്തിരി നന്മ മനസ്സുകളുണ്ട്..അവർക്കും എന്നെ സഹായിച്ച എനിക്ക് വേണ്ടി പ്രാർത്ഥിച്ച എന്റെ പ്രിയപ്പെട്ടവർക്കും എല്ലാവർക്കും ഒരുപാട് നന്ദി..
ഇപ്പോൾ ഡിസ്ചാർജ് ആയി ഞാൻ വീട്ടിൽ എത്തിയെങ്കിലും ഈ സമയത്ത് ഇൻഫെ‌ക്ഷൻ ഏൽക്കാതെ വളരെയധികം സൂക്ഷിക്കേണ്ട സമയം ആയതിനാൽ പ്രിയമുള്ളവരേ ഇപ്പോൾ കാണാനോ സംസാരിക്കാനോ കഴിയാത്ത അവസ്ഥയാണ്..
എല്ലാവരെയും എനിക്ക് കാണണം..
ഇനിയും സമൂഹത്തിൽ പ്രകാശം പരത്തി നമ്മളൊന്നിച്ച് ഒത്തിരി കാര്യങ്ങൾ ചെയ്ത് മുന്നോട്ട് പോകും..
അതിന് മുൻപന്തിയിൽ ഉണ്ടാകുമെന്ന് ഞാൻ എന്റെ പ്രിയമുള്ളവർക്ക് വാക്ക് നൽകുന്നു..
ചക്കരയുമ്മ എല്ലാവർക്കും.