പ്രിയപ്പെട്ട വളര്‍ത്തു മൃഗങ്ങള്‍ക്കായി ഒരു സെമിത്തേരി

November 21, 2019

ഉറ്റവരെപ്പോലെ തന്നെ പലര്‍ക്കും പ്രിയപ്പെട്ടവരാണ് തങ്ങളുടെ വളര്‍ത്തു മൃഗങ്ങളും. വളര്‍ത്തു മൃഗങ്ങളുമായി വളരെയധികം ആത്മ ബന്ധങ്ങള്‍ സൂക്ഷിക്കുന്നവരാണ് ചിലര്‍. ഇത്തരക്കാര്‍ക്ക് പ്രിയപ്പെട്ട വളര്‍ത്തു മൃഗങ്ങളുടെ വേര്‍പാട് പലപ്പോഴും അസഹനീയവുമാണ്. പ്രിയപ്പെട്ട വളര്‍ത്തു മൃഗങ്ങള്‍ക്ക് അന്ത്യവിശ്രമം കൊള്ളാന്‍ ഒരു പ്രത്യേക ഇടം തന്നെയുണ്ട് ബംഗളൂരുവില്‍.

ബംഗളൂരു നഗരത്തിലെ കെങ്കേരിയിലാണ് വളര്‍ത്തു മൃഗങ്ങള്‍ക്കായുള്ള ഈ സെമിത്തേരി നിലകൊള്ളുന്നത്. പലര്‍ക്കും പ്രിയപ്പെട്ട നായയും പൂച്ചയും പക്ഷികളും മുയലുമെല്ലാം ഈ സെമിത്തേരിയില്‍ അന്ത്യവിശ്രമം കൊള്ളുന്നുണ്ട്. ചന്ദനത്തിരികളും മെഴുകുതിരികളും പൂക്കളുമെല്ലാം കല്ലറകള്‍ക്ക് മുകളില്‍ മൃഗങ്ങളുടെ ഉടമകള്‍ സമര്‍പ്പിക്കാറുണ്ട്. ഇതിനു പുറമേ, ഹൃദയഭേദകമായ ചില കുറിപ്പും കല്ലറകള്‍ക്ക് മുകളില്‍ കാണാം. അകാലത്തില്‍ പൊലിഞ്ഞ ആ വളര്‍ത്തു മൃഗം ഉടമകള്‍ക്ക് എത്രത്തോളം പ്രിയപ്പെട്ടതാണെന്ന് വ്യക്തമാക്കുന്നുണ്ട് കല്ലറിയില്‍ കുറിച്ചിട്ടിരിക്കുന്ന ഓരോ വാക്കുകളും.

Read more:ട്രോളല്ല, നല്ല കിടിലന്‍ പാട്ട്; കാക്കിക്കുള്ളിലെ കലാകാരനെ വാഴ്ത്തി സോഷ്യല്‍ മീഡിയ

എല്ലാ മതവിഭാഗങ്ങളില്‍പ്പെട്ടവരും അരുമകളായിട്ടുള്ള വളര്‍ത്തു മൃഗങ്ങള്‍ക്കായി ഇവിടെ കല്ലറകള്‍ പണിതിട്ടുണ്ട്. ബംഗളൂരു നഗരത്തില്‍ ജോലി ചെയ്യുന്ന ജപ്പാന്‍, ചൈന, നേപ്പാള്‍ എന്നിവിടങ്ങളിലുള്ളവരും സെമിത്തേരിയില്‍ എത്തുന്നു. ആയിരത്തിലധികം വളര്‍ത്തു മൃഗങ്ങളെയും പക്ഷികളെയുമെല്ലാം ഇവിടെ അടക്കം ചെയ്തിട്ടുണ്ട്.പീപ്പിള്‍സ് ഫോര്‍ ആനിമല്‍സ് എന്ന സംഘടനയുടെ നേതൃത്വത്തിലാണ് സെമിത്തേരിയുടെ പ്രവര്‍ത്തനങ്ങള്‍. അതേസമയം വളര്‍ത്തു മൃഗങ്ങളെ അടക്കം ചെയ്യുന്നതിനായി പ്രത്യേക നിരക്കും നല്‍കണം. 5500 രൂപയാണ് ഒരു വര്‍ഷംവരെ വളര്‍ത്തു മൃഗങ്ങളുടെ ശരീരം കല്ലറയില്‍ സൂക്ഷിക്കാന്‍ ഈടാക്കുന്ന നിരക്ക്. മൂന്ന് വര്‍ഷം വരെ 20000 രൂപ നല്‍കണം. മൃഗത്തിന്റെ ഫോട്ടോ പതിച്ച്, കല്ലറയില്‍ വാചകങ്ങള്‍ എഴുതണമെങ്കില്‍ 30000 രൂപയാണ് ഈടാക്കുന്നത്. പരമാവധി അഞ്ച് വര്‍ഷം വരെയാണ് ശരീരം കല്ലറയില്‍ സൂക്ഷിക്കുക.