കുട്ടികള്‍ക്ക് വായിക്കാന്‍ ഇതാ ചില നല്ല പുസ്തകങ്ങള്‍
‘വായിച്ചാലും വളരും വായിച്ചില്ലേലും വളരും, വായിച്ചു വളര്‍ന്നാല്‍ വിളയും ഇല്ലെങ്കില്‍ വളയും’ കുഞ്ഞുണ്ണി മാഷ് ഇങ്ങനെ പറഞ്ഞത് വെറുതെയല്ല. കുട്ടികളില്‍ വായനാ ശീലം വളര്‍ത്തിയെടുക്കേണ്ടതുണ്ട്. സ്മാര്‍ട് ഫോണുകളും ഗെയിമുകളും മാത്രം സ്വീകരണ മുറികളില്‍ ഇടം പിടിക്കുമ്പോള്‍ വളഞ്ഞുപോകുന്ന ഒരു തലമുറയാണ് സൃഷ്ടിക്കപ്പെടുക. ചുട്ടയിലെ ശീലം ചുടലവരെയെന്നാണല്ലോ പൊതുവേ പറയാറ്. കുട്ടികള്‍ ചെറുപ്പം മുതല്‍ക്കെ വായിച്ചു വളരട്ടെ. കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന ചില പുസ്തകങ്ങളെ ഈ ശിശു ദിനത്തില്‍ പരിചയപ്പെടുത്തുന്നു.
1 -ടോട്ടോചാന്‍
കുട്ടികള്‍ക്ക് മാത്രമല്ല ഏത് പ്രായത്തിലുള്ളവര്‍ക്കും വായിച്ചാല്‍ ഏറെ ഇഷ്ടം തോന്നുന്ന പുസ്തകമാണ് ടോട്ടോചാന്‍. തെത്സുകോ കുറോയാനഗിയാണ് ഈ പുസ്തകത്തിന്റെ രചയിതാവ്. ടോട്ടോചാന്‍ എന്ന വികൃതിക്കുട്ടിയുടെ രസകരമായ അനുഭവങ്ങളാണ് ഈ പുസ്തകം. അലങ്കാരങ്ങളുടെ ആര്‍ഭാടമില്ലാതെയാണ് രചന എന്നതും ഈ പുസ്തകത്തെ വ്യത്യസ്തമാക്കുന്നു. കുട്ടികളിലെ നിഷ്കളങ്കതയും തന്മയത്തവുമെല്ലാം ഈ പുസ്തകത്തില്‍ നിഴലിക്കുന്നുണ്ട്. ‘ജനാലയ്ക്കരികിലെ വികൃതിക്കുട്ടി’ എന്ന പേരില്‍ ഈ പുസ്തകം മലയാളത്തില്‍ അന്‍വര്‍ അലി പരിവര്‍ത്തനം ചെയ്തിട്ടുണ്ട്.
2 -എന്റെ സത്യാന്വേഷണ പരീക്ഷണ കഥ
ചെറുപ്രായത്തില്‍ തന്നെ നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണ് ‘എന്റെ സത്യാന്വേഷണ പരീക്ഷണ കഥ’ എന്നു തന്നെ വേണം പറയാന്‍. മഹാത്മാഗാന്ധിയുടെ ആത്മകഥയാണ് ഈ പുസ്തകം. ഗാന്ധിജിയുടെ കുട്ടിക്കാലം മുതല്‍ 1921 വരെയുള്ള കാലഘട്ടം ഈ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. ഇന്നും ഇന്ത്യയില്‍ ഏറ്റവും അധികം വില്‍ക്കപ്പെടുന്ന പുസ്തകങ്ങളുടെ പട്ടികയില്‍ ‘എന്റെ സത്യാന്വേഷണ പരീക്ഷണ കഥ’യുണ്ട്. ബാല്യം മുതല്‍ക്കെ മാതൃകാപരമായ ജീവിതശൈലി രൂപപ്പെടുത്തിയെടുക്കാന്‍ കുട്ടികള്‍ക്ക് പ്രചോദനമേകുന്നതാണ് ഈ പുസ്തകം.
3 -ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍
ഇന്ദിരാ ഗാന്ധി മുസ്സൂറില്‍ താമസിക്കുമ്പോള്‍ അച്ഛന്‍ ജവഹര്‍ലാല്‍ നെഹ്‌റു അയച്ച കത്തുകളാണ് ‘ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍’ എന്ന പേരില്‍ പുസ്തകമായത്. ഒരു മകള്‍ക്ക്/മകന് ലോകത്തെ അറിഞ്ഞു വളരുവാനുള്ളതെല്ലാം ഈ പുസ്തകത്തിലുണ്ട് എന്നതുതന്നെയാണ് ഈ കത്തുകളുടെ പ്രത്യേകത. കുട്ടികളെ മാത്രമല്ല, മാതാപിതാക്കളെയും അധ്യാപകരെയുംമെല്ലാം സ്വാധീനിക്കുന്നതാണ് ഈ പുസ്തകം.
4 -കുഞ്ഞുണ്ണി കവിതകള്‍
കവിതകള്‍ കുട്ടികള്‍ക്ക് കീറാമുട്ടികളാണെന്നാണ് പൊതുവെയുള്ള ധാരണ. എന്നല്‍ അങ്ങനെയല്ല. കുട്ടികള്‍ക്ക് ഏറെ ഇഷ്ടത്തോടെ ചേര്‍ത്തുപിടിക്കാന്‍ ഉതകുന്നതാണ് കുഞ്ഞുണ്ണിമാഷിന്റെ കവിതകള്‍. വളരെ എളുപ്പത്തില്‍ കുട്ടികള്‍ക്ക് മനസിലാകുന്ന ഭാഷയിലും ശൈലിയിലുമുള്ള കുഞ്ഞുണ്ണി മാഷിന്റെ കവിതകള്‍ വലിയ സന്ദേശങ്ങളാണ് നല്‍കുന്നത്. ഹാസ്യം നിറച്ചുകൊണ്ടുള്ള കുഞ്ഞുണ്ണി മാഷിന്റെ കവിതകളും കുട്ടികള്‍ക്ക് ഏറെ ഇഷ്ടപ്പെടും.
5 -ഒരു കുടയും കുഞ്ഞുപെങ്ങളും
കുട്ടികള്‍ക്കു വേണ്ടിയുള്ള മനോഹരമായ ഒരു നോവലാണ് ‘ഒരു കുടയും കുഞ്ഞുപെങ്ങളും’. മുട്ടത്തു വര്‍ക്കിയാണ് ഈ പുസ്തകത്തിന്റെ രചയിതാവ്. അമ്മയുടെ സഹോദരിയോടൊപ്പം വളര്‍ന്ന ബേബി, ലില്ലി എന്നീ രണ്ട് കുട്ടികളുടെ കഥയാണ് പുസ്തകം പറയുന്നത്. മികച്ച ബാലസാഹിത്യ കൃതി കൂടിയാണ് ‘ഒരു കുടയും കുഞ്ഞുപെങ്ങളും’.
6- ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്ന്
പേരുപോലെ തന്നെ വായിക്കാന്‍ ഏറെ രസകരമായ പുസ്തകമാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്ന്’. കുഞ്ഞുപാത്തുമ്മയാണ് ഈ നോവലിലെ കേന്ദ്ര കഥാപാത്രം. കുട്ടികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കും ഏറെ ഇഷ്ടപ്പെടുന്ന പുസ്തകമാണിത്. വായിക്കും തോറും ഇഷ്ടവും കൂടും. മനോഹരമായ എഴുത്ത് ശൈലികൊണ്ടും കഥാപ്രമേയം കൊണ്ടും ഏറെ വ്യത്യസ്തമാണ് ഈ നോവല്‍. വലിയ സന്ദേശങ്ങള്‍ വളരെ ലളിതമായാണ് ഈ നോവലില്‍ ബഷീര്‍ അവതരിപ്പിച്ചിരിക്കുന്നത്.