വിധിയുടെ ക്രൂരതയെ പ്രണയത്തിന്റെ മനോഹാരിതകൊണ്ട് തോൽപ്പിച്ച് ദീപുവും അർച്ചനയും; ഹൃദയഭേദകം ഈ കുറിപ്പ്
‘ജീവിതം യൗവന തീഷ്ണവും ഹൃദയം പ്രേമസുരഭിതവുമായിരിക്കണമെന്ന് ബഷീറിന്റെ ഏതോ കൃതിയിൽ വായിച്ചതോർക്കുന്നു… മനോഹരമായ പല പ്രണയകഥകളും ഹൃദയത്തിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെല്ലാറുണ്ട്. വിധിയുടെ ക്രൂരതയെ പ്രണയത്തിന്റെ മനോഹാരിതകൊണ്ട് തോൽപ്പിച്ച പലരെയും ജീവിതത്തിൽ കണ്ടുമുട്ടാറുണ്ട്. ഇപ്പോഴിതാ വിധിയെ സ്നേഹം കൊണ്ട് തോൽപ്പിച്ച ദീപുവിന്റെയും അർച്ചനയുടേയുടെയും പ്രണയമാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്.
വിധി ദീപുവിനെ വീൽചെയറിലാക്കിയെങ്കിലും അർച്ചനയുടെ നിശ്ചയദാർഢ്യം ഇരുവരെയും ഒന്നിപ്പിച്ചിരിക്കുകയാണ്. ഇരുവരുടെയും ജീവിതത്തെക്കുറിച്ച് പറയുന്ന ശ്രീകാന്ത് എന്ന യുവാവിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം…
വിധിയെ തോൽപിച്ചു അവർ ഒന്നിച്ചു… ഈ പ്രണയകഥ നിങ്ങൾ അറിയാതെ പോകരുത്… ഇവരുടെ പ്രണയാരംഭം മുതൽ അവർ ഒന്നുച്ചതുവരെ എല്ലാം അറിയുന്ന ഏക സാക്ഷിയാകാൻ ഭാഗ്യം ലഭിച്ച ആളാണ് ഞാൻ.. ദീപു എന്നെക്കാൾ 3 വയസിനു മുതിർന്നതാണേലും കോളേജിൽ എന്റെ ജൂനിയർ ആയി പഠിച്ച എന്റെ കസിൻ. ഞാൻ B.com ലും പുള്ളി B.A economics ലും. ദീപുച്ചേട്ടന്റെ ക്ലാസിൽ ഒപ്പം പഠിച്ച അർച്ചനയാണ് ഈ പ്രണയ കഥയിലെ നായിക…കോളേജ് പഠന കാലത്ത് ആരംഭിച്ച പ്രണയം ആരുമറിയാതെ മുന്നോട്ടു പോകുകയായിരുന്നു…
പഠനം കഴിഞ്ഞു കലാലയത്തിന്റെ പടികൾ ഇറങ്ങിയെങ്കിലും അവരുടെ പ്രണയം മുന്നോട്ടു പോകുകയായിരുന്നു. ആ നാളിലാണ് ഞങ്ങളുടെ കുടുംബത്തെ മുഴുവനും കണ്ണീരിൽ ആഴ്ത്തിയ ഒരു അപകടം ഉണ്ടായത്. കൂട്ടുകാരോടൊപ്പം കായലിൽ കുളിക്കാൻ പോയ ദീപുച്ചേട്ടൻ വെള്ളത്തിൽ വീഴുന്നു സ്പൈനൽ ഇഞ്ചുറി പറ്റിയെന്നു. ശരീരം മുഴുവൻ തളർന്ന ചേട്ടന് അതിൽ നിന്നും ഒരു തിരിച്ചു വരവ് ഉണ്ടാകില്ല എന്ന് ഡോക്ടർമാർ വിധി എഴുതിയ നിമിഷം. ചികിത്സകൾ മുറ പോലെ നടന്നു. മരുന്നിനെകാൾ വലിയ ശക്തി മനസിനാണ് എന്ന് തെളിയിച്ചു ചേട്ടൻ കിടക്കയിൽ നിന്നും എഴുന്നേറ്റു വീൽചെയർ വരെയെത്തി… എങ്കിലും പഴയ ജീവിതത്തിലേക്കു അപ്പോളും മടങ്ങിവരാൻ സാധിച്ചില്ല. ആ നിമിഷങ്ങളിലെല്ലാം അർച്ചന കൂടെ ഉണ്ടായിരുന്നു.. അവരുടെ പ്രണയവും. വർഷങ്ങൾ വീണ്ടും മുന്നോട്ടു പോയി. പ്രണയം അർച്ചനയുടെ വീട്ടുകാർക് അംഗീകരിക്കാൻ ആകുമായിരുന്നില്ല പക്ഷെ അപ്പോളേക്കും അവർ ഒരുമിച്ച് ജീവിക്കാൻ തന്നെ തീരുമാനിക്കുകയായിരുന്നു…
പഴയ ജീവിതത്തിൽ തിരികെ പോയി നല്ലൊരു ജീവിതം കെട്ടിപ്പടുക്കാൻ ഉടനെ ചേട്ടന് സാധിക്കില്ല എന്നറിയാവുന്ന അർച്ചന സ്വയം ഒരു തീരുമാനം എടുത്തു. പഠിച്ചൊരു ജോലി വാങ്ങാൻ. ആ ദൃഢനിശ്ചയം അവളെ ഇന്നൊരു വനിതാ പോലീസ് ഉദ്യോഗസ്ഥ ആക്കി . ജീവിതത്തിൽ സാമ്പത്തിക ഭദ്രത ഉറപ്പാക്കിയ ശേഷം ഇന്നലെ അവർ വിവാഹിതരായി…. എല്ലാത്തിനും സാക്ഷിയാകാൻ എനിക്കും ഭാഗ്യം ലഭിച്ചു. ഇത് വെറും ഒരു പ്രണയ കഥയല്ല.. വിധിയെ പോലും മനോബലം കൊണ്ട് കീഴടക്കിയ 2 പോരാളികളുടെ കഥ കൂടിയാണ്. ഒരുപാടുപേർക്കു പ്രചോദനം നൽകുന്ന ഒരു കഥ. ഇത് എല്ലാവരും അറിയണം.. എല്ലാവരിലേക്കും ഇതെത്തിക്കാൻ നിങ്ങൾ മനസ് വയ്ക്കണം.