‘ഒരു മുറൈ വന്ത് പാർത്തായാ..’ നാഗവല്ലിയുടെ രാമനാഥൻ വീണ്ടും ചുവട് വയ്ക്കുമ്പോൾ..
മലയാളികൾക്ക് എന്നും അത്ഭുതം തന്നെയാണ് മണിച്ചിത്രത്താഴ്. എത്ര വട്ടം കണ്ടാലും മുഷിപ്പിക്കാത്ത, പുതിയതെന്തോ ഒളിപ്പിച്ചത് പോലെ അതൊരു നിത്യവിസ്മയമായി തുടരുന്നു. മണിച്ചിത്രത്താഴിലെ ഓരോ കഥാപാത്രങ്ങളോടും ഒരു പ്രത്യേക ഇഷ്ടം എല്ലാവർക്കുമുണ്ട്. നാഗവല്ലിയും നകുലനും ഗംഗയും സണ്ണിയും ഹൃദയത്തിൽ ചേക്കേറിയതുപോലെ മറ്റൊരാൾ കൂടിയുണ്ട്. രാമനാഥൻ. നാഗവല്ലിയുടെ രാമനാഥനായെത്തിയ ഡോക്ടർ ശ്രീധർ ശ്രീറാം സിനിമയിൽ ശോഭനയ്ക്കൊപ്പം വെച്ച ചുവടുകൾ ഇന്നും പ്രസിദ്ധമാണ്.
ആ ചുവടുകൾ വീണ്ടും നാഗവല്ലിയുടെ അഭാവത്തിൽ രാമനാഥൻ ആവർത്തിക്കുകയാണ്. 2012ലുള്ള ഒരു വീഡിയോ ആണ് തരംഗമാകുന്നത്. പത്മനാഭപുരം പാലസ് സന്ദർശിച്ച ഒരുപറ്റം വിദ്യാർത്ഥികൾ അവിടെ വെച്ച് ഡോക്ടർ ശ്രീധർ ശ്രീറാമിനെ കാണുകയും ഒരു ‘മുറൈ വന്ത് പാർത്തയാ’ എന്ന ഗാനത്തിന് ചുവടു വയ്ക്കാമോ എന്ന് ചോദിക്കുകയും ചെയ്തത്. ഒരു മടിയും കൂടാതെ ചുവടു വെച്ചു എന്നാണ് അന്നത്തെ വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ട് ധന്യ അജീഷ് കുമാർ കുറിച്ചിരിക്കുന്നത്.
തക്കലകൊട്ടാരവും രാമനാഥനും .
മണിച്ചിത്രത്താഴ് ഇരുപത്തഞ്ചു വർഷങ്ങൾ പൂർത്തിയാക്കിയ ഈ സന്ദർഭത്തിൽ ഈ വ്യക്തിയെ ഓർത്തു പോകുന്നു …
ഞങ്ങൾ 2012 ൽ BEd നു പഠിക്കുമ്പോൾ ടൂർ പോയപ്പോൾ ആകസ്മികമായി ആണ് പദ്മനാഭപുരം പാലസിൽ വെച്ചു ആ പഴയ രാമനാഥനെ(Shridhar ji )കണ്ടു മുട്ടിയത്. ആ ഡാൻസ് ഞങ്ങൾക്ക് വേണ്ടി ഒന്നു കൂടി കളിക്കുമോ എന്നു ചോദിച്ചപ്പോൾ ഒരു ജാടയും ഇല്ലാതെ, മറിച്ചൊരു വാക്ക് പറയാതെ, ഓര്മയുണ്ടായിരുന്ന സ്റ്റെപ്പുകൾ മാത്രം കൂട്ടിച്ചേർത്ത് കളിയ്ക്കാൻ ആ മഹാനായ കലാകാരൻ തയ്യാറായി.
അന്ന് ഒരു മുറൈ എന്ന പാട്ട് ആരുടേയും മൊബൈലിൽ ഉണ്ടായിരുന്നില്ല. എന്റെ കയ്യിൽ പാട്ടുണ്ടായിരുന്നുവെങ്കിലും ഫോട്ടോസ് എടുക്കാൻ അനുവാദം ഇല്ലെങ്കിലോ എന്ന് കരുതി മൊബൈൽ ബസിൽ വെച്ചിട്ടാണ് വന്നത്.
അവസാനം നിങ്ങൾ കുട്ടികൾ പാടിയാൽ മതി. ഞാൻ ഡാൻസ് കളിച്ചുകൊള്ളാം എന്നദ്ദേഹം പറഞ്ഞു. പാടിക്കൊടുത്തത് അനുസരിച്ചു അദ്ദേഹം ആടി. അതിനു ശേഷം edit ചെയ്തു ചേർത്തത് ആണ് ഈ പാട്ട് .
ധന്യ അജീഷ് കുമാർ