അനീമിയ തടയാം; ശ്രദ്ധിക്കാം ചില കാര്യങ്ങള്‍

November 3, 2019

പ്രായഭേദമന്യേ പലരിലും കണ്ടുവരാറുള്ള ഒരു രോഗാവസ്ഥയാണ് വിളര്‍ച്ച അഥവാ അനീമിയ. രക്തത്തില ഹീമോഗ്ലാബിന്റെ അളവ് കുറയുന്നതാണ് വിളര്‍ച്ചയ്ക്ക് കാരണം. രക്തത്തില്‍ അയണ്‍ കുറയുന്നതും അനീമിയയിക്ക് കാരണമാകുന്നു. പുരുഷന്മാരെക്കാള്‍ അധികമായി സ്ത്രീകളിലാണ് പലപ്പോഴും വിളര്‍ച്ച കണ്ടുവരാറുള്ളത്. വിളര്‍ച്ച മൂലമുണ്ടാകുന്ന അസ്വസ്ഥതകളും ചെറുതല്ല. തലകറക്കം, ശ്വാസതടസം, ക്ഷീണം തുടങ്ങി നിരവധി ബുദ്ധിമുട്ടുകളാണ് വിളര്‍ച്ചയുള്ളവര്‍ നേരിടേണ്ടി വരിക. എന്നാല്‍ ഭക്ഷണകാര്യത്തില്‍ അല്‍പമൊന്നു ശ്രദ്ധിച്ചാല്‍ വിളര്‍ച്ചയെ ഒരു പരിധിവരെ നമുക്ക് തടയാം.

വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ വിളര്‍ച്ചയെ തടയാന്‍ സഹായിക്കുന്നു. വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കുന്നത് രക്തത്തിലെ ഹീമോഗ്ലോബിന്റ അളവ് വര്‍ധിപ്പിക്കാനും സഹായിക്കുന്നു. ഓറഞ്ച്, നാരങ്ങ, തക്കാളി, മുന്തിരി എന്നിവയില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്.

Read more:‘ഈ വാക്കുകള്‍ക്കായി ഒരുപാട് കാത്തിരുന്നിട്ടുണ്ട്’; ഹൃദയംതൊട്ട് കുഞ്ചാക്കോ ബോബന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്

ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങളും രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വര്‍ധിപ്പിക്കാന്‍ ഉത്തമമാണ്. പച്ച നിറത്തിലുള്ള ഇലക്കറികള്‍, മുട്ട, മീന്‍, ഇറച്ചി, ഡ്രൈ ഫ്രൂട്ട്‌സ്, ബീന്‍സ്, നെല്ലിക്ക എന്നിവയില്‍ ഇരുമ്പിന്റെ അംശം ധാരാളമായി അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇവ ഏറെ ആരോഗ്യ ഗുണങ്ങള്‍ നിറഞ്ഞവയുമാണ്.

മാതാളനാരങ്ങയും ഈന്തപ്പഴവും കഴിക്കുന്നത് രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. അതുപോലെതന്നെ ശരീരത്തില്‍ അമിതമായി അടിഞ്ഞുകൂടുന്ന കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും ഇവ സഹായിക്കുന്നു. ദിവസവും ഒരു ഗ്ലാസ് മാതള ജ്യൂസ് കുടിക്കുന്നത് ഏറെ ആരോഗ്യകരമാണ്.

ഫോളിക് ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. പീനട്ടസ്, പഴം, ബ്രോക്കോളി, വെണ്ടയ്ക്ക എന്നിവയില്‍ ധാരാളം ഫോളിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത്തരം ഭക്ഷണങ്ങള്‍ ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ അളവ് വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു.