കൗതുകമൊളിപ്പിച്ച് ഹിമാലയത്തിലെ 600 വർഷം പഴക്കമുള്ള ജീവനുള്ള മമ്മി; വീഡിയോ
കൗതുകം നിറച്ച ചിത്രങ്ങൾക്കും വീഡിയോകൾക്കും കാഴ്ചക്കാരും ഏറെയാണ്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ ഏറെ കൗതുകം നിറയ്ക്കുകയാണ് ജീവനുള്ള മമ്മിയുടെ ചിത്രങ്ങൾ. ഹിമാചൽ പ്രാദേശിലാണ് 600 വർഷം പഴക്കമുള്ള മമ്മി ഉള്ളത്. സൈന്യം നടത്തിയ ഖനന പ്രവർത്തനങ്ങൾക്കിടെയാണ് ഈ മമ്മി കണ്ടെത്തിയത്. 1975 ൽ കണ്ടെത്തിയ ഈ മമ്മിയെക്കുറിച്ച് നിരവധി ഐതിഹ്യങ്ങളും നിലവിലുണ്ട്.
ഖനന പ്രവർത്തനങ്ങൾക്കിടെ സൈന്യത്തിന് ലഭിച്ച മൃതദേഹത്തിന് അധികം പഴക്കമില്ലെന്നാണ് ആദ്യം കരുതിയത്. പട്ടുമേലങ്കിയിൽ പൊതിഞ്ഞ് കാൽമുട്ടുകൾ നിലത്ത് ഉറയ്ക്കാതെ കുത്തിയിരിക്കുന്ന രീതിയിലാണ് മമ്മി കണ്ടെത്തിയത്. മൃതദേഹം ലഭിക്കുമ്പോൾ പല്ലിനും മുടിയ്ക്കുമൊന്നും യാതൊരു കേടുപാടുകളും ഉണ്ടായിരുന്നില്ല. എന്നാൽ പരിശോധനയിൽ ഈ മൃതദേഹത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെന്ന് തെളിഞ്ഞു, അതും അറുനൂറ് വർഷത്തെ പഴക്കം. മൃതദേഹം കണ്ടെത്തുന്ന സമയത്ത് ഇതിൽ നിന്ന് രക്തവും വന്നിരുന്നെന്നും റിപ്പോർട്ടുകളുണ്ട്. അതിനാലാണ് ഇതിന് ജീവനുള്ള മമ്മിയെന്ന് പേരുവന്നത്.
ഹിമാചൽ പ്രദേശിലെ ഗ്യൂവിലെ ഒരു ആശ്രമത്തിലാണ് ഈ മമ്മി ഇപ്പോൾ സൂക്ഷിച്ചിരിക്കുന്നത്. അതേസമയം ആ ഗ്രാമത്തിലെ തേൾശല്യം ഇല്ലാതാക്കുന്നതിനായി ഒരു ലാമ അവിടെ തപസിരുന്നുവെന്നും. ആ തപസ്സിൽ സമാധിയടഞ്ഞ അദ്ദേഹത്തിന്റെ മൃതദേഹമാകാം ഇതെന്നുമാണ് ജീവനുള്ള മമ്മിയെക്കുറിച്ചുള്ള ഐതിഹ്യം.