ബംഗ്ലാദേശിനെതിരെ വിജയക്കുതിപ്പില്‍ ഇന്ത്യ

November 16, 2019

ബംഗ്ലാദേശിനെതിരെ നടന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ മിന്നും ജയം സ്വന്തമാക്കി ഇന്ത്യന്‍ താരങ്ങള്‍. ടെസ്റ്റില്‍ ആതിഥേയരായ ഇന്ത്യ ഇന്നിങ്‌സ് ജയമാണ് സ്വന്തമാക്കിയിരിക്കുന്നത്. ഒരു ഇന്നിങ്‌സും 130 റണ്‍സുമാണ് ഇന്ത്യയുടെ വിജയനേട്ടം.

ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ ഒന്നാം ഇന്നിങ്‌സില്‍ 150 റണ്‍സാണ് ബംഗ്ലാദേശ് നേടിയത്. മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 493 റണ്‍സെടുത്ത് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 343 റണ്‍സിന്റെ ലീഡിനെതിരെ രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ബംഗ്ലാദേശ് മൂന്നാം ദിനം പരാജയം സമ്മതിച്ചു.

രണ്ടാം ഇന്നിങ്‌സില്‍ 213 റണ്‍സിന് ബംഗ്ലാദേശ് താരങ്ങള്‍ ഓള്‍ഔട്ട് ആകുകയായിരുന്നു. 69.2 ഓവര്‍ മാത്രമാണ് രണ്ടാം ഇന്നിങ്‌സില്‍ ബംഗ്ലാദേശിന് ബാറ്റ് ചെയ്യാന്‍ സാധിച്ചത്. അതേസമയം നാല് വിക്കറ്റ് നേടിയ മുഹമ്മദ് ഷമിയാണ് ഇന്ത്യയ്ക്കായി മിന്നും പ്രകടനം കാഴ്ചവെച്ചത്.