കൗമാര കലാമേളയ്ക്ക് നാളെ തുടക്കം
അറുപതാമത് കേരള സ്കൂള്‍ കലോത്സവത്തിന് നാളെ തുടക്കമാകും. കാഞ്ഞങ്ങാട് ഐങ്ങോത്തെ പ്രധാനവേദിയിലാണ് നാളെ കലാ മാമാങ്കത്തിന് തിരി തെളിയുക. അതേസമയം ഇന്ന് വൈകിട്ട് ആറ് മണിക്ക് ഐങ്ങോത്തെ പ്രധാന ഗ്രൗണ്ടില്‍വെച്ച് വേദി കൈമാറും. ശിങ്കാരി മേളത്തിന്റെ അകമ്പടിയോടെയാണ് വേദി കൈമാറുക.
വ്യാഴാഴ്ച മുതല്‍ ഡിസംബര്‍ ഒന്നു വരെയാണ് സംസ്ഥാന സ്കൂള്‍ കലോത്സവം. നാളെ രാവിലെ ഒമ്പത് മണിക്ക് കാസര്‍ഗോഡിന്റെ ഭാഷയും ദേശത്തിന്റെ സവിശേഷതയും വ്യക്തമാക്കുന്ന സ്വാഗത ഗാനത്തോടെയാണ് കലോത്സവം ആരംഭിക്കുക. 14 ജില്ലകളില്‍ നിന്നുമായി എണ്ണായിരത്തിലധികം പ്രതിഭകള്‍ കലാ മാമാങ്കത്തില്‍ പങ്കെടുക്കും. അതേസമയം കലോത്സവത്തില്‍ മാറ്റുരയ്ക്കുന്ന എല്ലാ മത്സരാര്‍ത്ഥികള്‍ക്കും ട്രോഫി നല്‍കുന്നുണ്ട് ഇത്തവണത്തെ മേളയില്‍. രജിസ്ട്രേഷന് സമയത്തുതന്നെ ട്രോഫി നല്‍കും.
Read more:ചിരിയും പ്രണയവും പിന്നെ ആക്ഷനും; ‘ഹാപ്പി സര്‍ദാര്‍’ ട്രെയ്ലര്
അതേസമയം വേദികളുടെയും പരിസരങ്ങളുടെയും ശുചീകരണത്തിന് ചൊവ്വാഴ്ച മന്ത്രി ഇ ചന്ദ്രശേഖരന് തുടക്കമിട്ടു. ഇന്ന് ഊട്ടുപുരയില്‍ പാലുകാച്ചലും നടന്നു. പഴയിടം മോഹനന് നമ്പൂതിരിയാണ് മുഖ്യ പാചകക്കാരന്. കൊവ്വല്‍പ്പള്ളിയിലെ ഊട്ടുപുരയില്‍ ഒരേസമയം 3000 പേര്‍ക്ക് ഭക്ഷണം കഴിക്കാനുള്ള സൗകര്യമുണ്ട്. ഹരിത പ്രോട്ടോക്കോള്‍ പ്രകാരമാണ് മേള നടക്കുന്നത്. അതുകൊണ്ടുതന്നെ പാള കഷ്ണത്തിലാണ് മത്സരാര്‍ത്ഥികളുടെ കോഡ് നമ്പര്‍ പ്രദര്‍ശിപ്പിക്കുന്നത്. 239 ഇനങ്ങളിലാണ് മത്സരം.