പ്രമേഹത്തെ ഭയന്ന ഫഹദ് ഫാസിൽ; ഷട്ടിൽ കളിച്ച് പ്രതിരോധിച്ച കുഞ്ചാക്കോ ബോബൻ

November 14, 2019

ഷൂട്ടിംഗ് സെറ്റുകളിൽ നിന്നുമുള്ള ഓട്ടപാച്ചിലുകൾക്കിടയിൽ ആരോഗ്യം നോക്കാൻ പലപ്പോഴും സിനിമ താരങ്ങൾക്ക് സാധിക്കാറില്ല. എന്നാൽ തങ്ങളൊന്നും അങ്ങനെ അല്ലെന്നു പറയുകയാണ് ഫഹദ് ഫാസിലും നസ്രിയയും കുഞ്ചാക്കോ ബോബനും. ലോക പ്രമേഹ ദിനത്തിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു ഇവർ.

പ്രമേഹത്തെ ഭയന്ന സമയമുണ്ടെന്നു പറയുകയാണ് ഫഹദ് ഫാസിൽ. അച്ഛനുമമ്മയും പ്രമേഹമുള്ളവരാണ്. ഗ്രാൻഡ് പേരന്‍റ്സിനും പ്രമേഹമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ പ്രമേഹത്തെ ഭയന്നിരുന്നു. – ഫഹദ് പറയുന്നു. ഡോക്ടറുടെ നിർദ്ദേശപ്രകാരമാണ് താനും ഫഹദും വണ്ണം കുറച്ചതെന്നും, ഇഷ്ടമുള്ള ഭക്ഷണമെല്ലാം കഴിച്ചുകൊണ്ടാണ് നിയന്ത്രണമെന്നും നസ്രിയ പറയുന്നു.

കുഞ്ചാക്കോ ബോബനും മാതാപിതാക്കൾക്ക് പ്രമേഹമുണ്ടെന്നു പറയുന്നു. എന്നാൽ പ്രമേഹ ബാധിതനാകാൻ ഒരുക്കമല്ലായിരുന്നു എന്നാണ് കുഞ്ചാക്കോ പറയുന്നത്. ലോകത്ത് എവിടെ ആയാലും ഷട്ടിൽ കോർട്ട് കണ്ടെത്തി കളിക്കാറുണ്ട്. എന്ത് തന്നെ വന്നാലും ഷട്ടിൽ പരിശീലനം മുടക്കാറില്ല. ഇതുകണ്ട് ഭാര്യ പ്രിയ പോലും വട്ടാണോ എന്ന് വിചാരിച്ചിട്ടുണ്ടെന്നും കുഞ്ചാക്കോ പറയുന്നു.

Read More :സുഖമായി ഉറങ്ങാൻ എളുപ്പ വഴികൾ

ഫഹദ് ഫാസിലും നസ്‌റിയയും ഇപ്പോൾ തങ്ങളുടെ ട്രാൻസ് എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്. വിവാഹ ശേഷം ഇരുവരും ഒന്നിച്ചഭിനയിക്കുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കുഞ്ഞു പിറന്ന സന്തോഷത്തിലാണ് കുഞ്ചാക്കോ ബോബൻ. ശിശുദിനത്തോട് അനുബന്ധിച്ച് കുഞ്ഞിന്റെ ചിത്രവും കുഞ്ചാക്കോ പങ്കുവെച്ചിട്ടുണ്ട്.