വള്ളുവനാടിന്റെ ചരിത്രം പറഞ്ഞ് ‘മാമാങ്കം’ ലൊക്കേഷൻ ചിത്രങ്ങൾ
പന്ത്രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ മലപ്പുറം ജില്ലയിലെ തിരുന്നാവായ മണപ്പുറത്ത് അരങ്ങേറുന്ന മാമാങ്ക മഹോത്സവത്തിന്റെ കഥ പറയുകയാണ് ‘മാമാങ്കം’ എന്ന ചിത്രം. റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ ഓരോ വിശേഷങ്ങളും ഏറെ ആവേശത്തിലാണ് ആരാധകർ സ്വീകരിക്കുന്നത്. വള്ളുവനാടിന്റെ ചരിത്രമാണ് മാമാങ്കം എന്ന സിനിമയുടെ മുഖ്യ പ്രമേയം.
ലോകമെമ്പാടുമുള്ള സിനിമാ പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണിത്. മമ്മൂട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദൻ, സിദ്ധിഖ്, സുരേഷ് കൃഷ്ണ, അനു സിത്താര, കനിഹ, ബാലൻ, കവിയൂർ പൊന്നമ്മ, പ്രാചി തെഹ്‌ലാൻ തുടങ്ങി നിരവധി താരനിരകള്‍ അണിനിരക്കുന്നുണ്ട്.
ശങ്കര്‍ രാമകൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ് ചിത്രത്തിന്റെ നിര്‍മാണം. എം ജയചന്ദ്രനാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണ് മാമാങ്കം.
അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ടീസറും ട്രെയ്‌ലറുമെല്ലാം മികച്ച സ്വീകാര്യത നേടിയിരുന്നു. അതോടൊപ്പം അടുത്തിടെ പുറത്തുവന്ന മമ്മൂട്ടിയുടെ സ്ത്രീ രൂപത്തിലുള്ള പോസ്റ്ററിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഏറെ നാളുകൾക്കു ശേഷം മമ്മൂട്ടിയെ ചരിത്ര നായകനായി കാണുന്നതിലുള്ള ആവേശത്തിലാണ് മലയാളികൾ.
മലയാളത്തിനു പുറമെ ഹിന്ദിയിലും തമിഴിലും തെലുങ്കിലും ‘മാമാങ്കം’ മൊഴിമാറ്റുന്നുണ്ട്. ചിത്രത്തിന്‍റെ റിലീസ് ഡിസംബർ 12 ആണ്. 400- ഓളം തിയേറ്ററുകളിൽ ചിത്രം പ്രദർശനത്തിനെത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിക്കുന്നത്.