പെണ്ണഴകിൽ മമ്മൂട്ടി- മാമാങ്കത്തിലെ സ്ത്രീ വേഷം ഏറ്റെടുത്ത് ആരാധകർ

November 13, 2019

മാമാങ്കം റിലീസ് നവംബറിൽ നിന്നും ഡിസംബറിലേക്ക് മാറ്റിയതായി ഔദ്യോഗിക പ്രഖ്യാപനം വന്നതിനു ശേഷം മറ്റൊരു വിശേഷം പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. മാമാങ്ക ചരിത്രത്തിൽ സ്ത്രീ വേഷത്തിൽ ചാവേറുകളായി എത്തുന്ന വീരന്മാരുടെ കഥകൾ ഉണ്ട്. ചിത്രം പ്രഖ്യാപിച്ചപ്പോൾ മുതൽ മമ്മൂട്ടിയെ സ്ത്രീ രൂപത്തിൽ ആവിഷ്കരിച്ച് ഒട്ടേറെ ഫാൻ മെയ്ഡ് പോസ്റ്ററുകൾ വന്നിരുന്നു. ഇതിന് പിന്നാലെ എത്തിയ മമ്മൂട്ടിയുടെ സ്ത്രീ രൂപത്തിലുള്ള പോസ്റ്റർ ഇരുകൈകളും നീട്ടി സ്വീകരിച്ചിരിക്കുകയാണ് സിനിമ പ്രേമികൾ.

ഇപ്പോൾ വനിത മാഗസിന്‍റെ കവർ ചിത്രമായാണ് സ്ത്രീ വേഷത്തിലുള്ള മമ്മൂട്ടി ചിത്രം പുറത്ത് വിട്ടിരിക്കുന്നത്. മമ്മൂട്ടി തന്നെയാണ് ചിത്രം ഫേസ്ബുക്ക് പേജ് വഴി പുറത്തുവിട്ടത്. മുടി നീട്ടി വളർത്തി കണ്ണെഴുതി പൊട്ടുതൊട്ട്, കാതിൽ കമ്മൽ അണിഞ്ഞാണ് മമ്മൂട്ടി ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

എന്തായാലൂം സമൂഹ മാധ്യമങ്ങളിലെ സജീവ ചർച്ച മമ്മൂട്ടിയുടെ ഈ ചിത്രമാണ്. ഡിസംബർ 12 നാണ് സിനിമ റിലീസ് തീരുമാനിച്ചിരിക്കുന്നത്. നവംബർ 21 നായിരുന്നു നേരത്തെ റിലീസ് നിശ്ചയിച്ചിരുന്നത്. പിന്നീട് സെൻസറിങ്ങുമായി ബന്ധപ്പെട്ട് റിലീസ് മാറ്റുകയായിരുന്നു.

Read more :എനിക്ക് റീഷൂട്ടിനിടെ ആ മനോഹര സിനിമ നഷ്ടമാകുകയായിരുന്നു’ – മാമാങ്കത്തില്‍ നഷ്ടമായ വേഷത്തെക്കുറിച്ച് മാളവിക

എം പത്മകുമാർ സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത് വേണു കുന്നപ്പിള്ളി ആണ്. ശങ്കർ രാമകൃഷ്ണന്റെ തിരക്കഥയിൽ മലയാളത്തിന് പുറമെ മറ്റു മൂന്നു ഭാഷകളിലും മാമാങ്കം എത്തുന്നുണ്ട്. കനിഹ, അനു സിത്താര, ഉണ്ണി മുകുന്ദൻ, സിദ്ദിഖ്, കവിയൂർ പൊന്നമ്മ തുടങ്ങി ഒട്ടേറെ താരങ്ങൾ സിനിമയിൽ അണിനിരക്കുന്നു. പ്രാചി തെഹ്‌ലാൻ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്.