പ്രണയപൂർവം ചുവടുവെച്ച് മോഹൻലാലും മേനകയും- ഹൃദയം കവർന്ന് വീഡിയോ

November 26, 2019

എൺപതുകളിലെ മലയാള സിനിമയുടെ ഹിറ്റ് പ്രണയജോഡികളായിരുന്നു മോഹൻലാലും മേനകയും. ഒട്ടേറെ ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ച ഇരുവരും കുടുംബപരമായും അടുപ്പം കാത്തുസൂക്ഷിക്കുന്നവരാണ്. ഇപ്പോൾ ഇവരുടെ ഒരു വീഡിയോ ആണ് തരംഗമാകുന്നത്. മോഹൻലാലും മേനകയും ചേർന്ന് ചുവടുവയ്ക്കുന്ന വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. നടി സുഹാസിനിയാണ് വീഡിയോ പങ്കുവെച്ചത്.

കഴിഞ്ഞ ദിവസമായിരുന്നു എൺപതുകളിലെ ഗോൾഡൻ താരങ്ങളുടെ റീയൂണിയൻ പതിവുപോലെ നടന്നത്. ഇത്തവണ ചിരഞ്ജീവിയുടെ വീട്ടിലാണ് റീയൂണിയൻ നടന്നത്. റീയൂണിയനിൽ പങ്കെടുക്കാൻ എത്തിയ മോഹൻലാലും മേനകയും പരിപാടിക്ക് മുൻപായി ഒത്തുചേരലിൽ അവതരിപ്പിക്കാനുള്ള നൃത്തത്തിനായുള്ള പ്രാക്ടീസിൽ ആയിരുന്നു.

എവർഗ്രീൻ പ്രണയ ജോഡികളായിരുന്ന നസീറും ഷീലയും അഭിനയിച്ച ‘ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം’ എന്ന പാട്ടിനാണ് ഇരുവരും പ്രണയാർദ്രമായി ചുവടുവെയ്ക്കുന്നത്. മോഹൻലാലിൻറെ നൃത്ത വൈഭവം എല്ലാവർക്കുമറിയാമെങ്കിലും അത്ഭുതപ്പെടുത്തുന്നത് മേനകയുടെ നൃത്തമാണ്. ഈ പ്രായത്തിലും അതി മനോഹരമായാണ് മേനക ചുവട് വയ്ക്കുന്നത്.

Read More:കലിപ്പ് ലുക്കിൽ മഞ്ജു വാര്യരുടെ വില്ലനായി റോഷൻ ആൻഡ്രൂസ്

മോഹൻലാലിനും സുഹാസിനിക്കും മേനകയ്ക്കും പുറമെ ചിരഞ്ജീവിയുടെ വീട്ടിൽ കൂടിയ റീയൂണിയനിൽ ജയറാം, റഹ്മാൻ, സുമലത, പാർവതി, തുടങ്ങി എൺപതുകളുടെ താരങ്ങളെല്ലാവരും തന്നെ എത്തിയിരുന്നു.