മോഹൻലാലിൻറെ ചിത്രം വരച്ച് നാദിർഷ; സർപ്രൈസ് ഒരുക്കി ലാലേട്ടനും

November 28, 2019

മലയാളികളുടെ സ്വകാര്യ സ്വത്താണ് മോഹൻലാൽ. അദ്ദേഹത്തിന്റെ ഓരോ വിശേഷങ്ങളും ഏറെ ആവേശത്തിലാണ് ആരാധകർ സ്വീകരിക്കുന്നതും. ലാലേട്ടന്റെ ചിത്രം വരയ്ക്കാൻ ശ്രമിച്ച നാദിർഷയ്ക്ക് മോഹൻലാൽ ഒരുക്കിയ സർപ്രൈസാണ് സമൂഹമാധ്യമങ്ങളിൽ വർത്തയാകുന്നത്. ഫേസ്ബുക്കിലൂടെ നാദിർഷ തന്നെയാണ് താൻ വരച്ച ലാലേട്ടന്റെ ചിത്രവും ഒപ്പം നാദിർഷയ്ക്ക് മോഹൻലാൽ സമ്മാനിച്ച ചിത്രവും പങ്കുവെച്ചത്.

‘ഞാൻ പ്രിയപ്പെട്ട ലാലേട്ടന്റെ മുന്പിലിരുന്ന്‌ അദ്ദേഹത്തെ നോക്കി വരക്കാൻ ശ്രമിച്ചു. മറുപടിയായി അദ്ദേഹം എനിക്കും വരച്ചു തന്നു ഒരു പടം. ഒരുപാട് ഇഷ്ടം’ എന്ന അടിക്കുറുപ്പോടെയാണ് താരം ചിത്രം പങ്കുവെച്ചത്. മോഹൻലാലിന്റെ മുന്നിലിരുന്ന് അദ്ദേഹത്തിന്റ ചിത്രം വരച്ച നാദിർഷയ്ക്ക് ഒരു ഭടന്റെ ചിത്രമാണ് മോഹൻലാൽ തിരികെ സമ്മാനിച്ചത്. എന്നാൽ ആ ചിത്രത്തിൽ ഒരു സർപ്രൈസും അദ്ദേഹം ഒളിച്ചുവെച്ചിരുന്നു. ഭടൻ ധരിച്ചിരിക്കുന്ന വസ്ത്രം വരച്ചിരിക്കുന്നത് നാദിർഷ എന്ന പേരിലൂടെയാണ്.

അതേസമയം മോഹൻലാലിന്റേതായി വെള്ളിത്തിരയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന ചിത്രമാണ് ‘ബിഗ് ബ്രദർ’, ‘മരയ്ക്കാർ അറബിക്കടലിന്റെ സിംഹം’ എന്നിവ. മോഹൻലാലിനെ നായകനാക്കി സിദ്ധിഖ് ഒരുക്കുന്ന ആക്‌ഷൻ കോമഡി ചിത്രമാണ്  ബിഗ് ബ്രദർ. പ്രിയദർശൻ- മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ‘മരയ്ക്കാർ അറബിക്കടലിന്റെ സിംഹം’. 2020 മാർച്ച് 19നാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. വമ്പന്‍ റിലീസാണ് ചിത്രത്തെ കാത്തിരിക്കുന്നത്. കേരളത്തിലെ 90 ശതമാനം തിയേറ്ററുകളിലും മരയ്ക്കാര്‍ പ്രദര്‍ശനത്തിന് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.