‘ലൗ യു ലാലേട്ടാ’ – മാമാങ്കത്തിനൊപ്പം മോഹൻലാൽ; ചിത്രം പങ്കുവെച്ച് നിർമാതാവ്

November 16, 2019

മലയാള സിനിമയിൽ ചരിത്രമാകാനൊരുങ്ങുകയാണ് ‘മാമാങ്കം’. സെന്‍സറിങുമായി ബന്ധപ്പെട്ടു റിലീസ് നീട്ടിവെച്ചെങ്കിലും വലിയ ആവേശമാണ് ആരാധകർക്കിടയിൽ ‘മാമാങ്കം’ സൃഷ്ടിച്ചിരിക്കുന്നത്. നവംബർ 21 നു റിലീസ് ചെയ്യാനിരുന്ന സിനിമ ഡിസംബർ 12 ലേക്ക് മാറ്റിയിരിക്കുകയാണ്. ഇപ്പോൾ മാമാങ്കത്തിലെ ഒരു പോസ്റ്ററിന് മുന്നിൽ നിന്ന് മോഹൻലാൽ എടുത്ത ചിത്രമാണ് തരംഗമാകുന്നത്.

‘മാമാങ്കം’ നിർമാതാവ് വേണു കുന്നപ്പിള്ളിയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ‘താങ്ക് യു ലാലേട്ടാ ,ലവ് യു’ എന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട് വേണു കുന്നപ്പിള്ളി കുറിച്ചിരിക്കുന്നത്. അതേസമയം മമ്മൂട്ടിയുടെ തന്നെ ഷൈലോക്കും ഡിസംബറിലാണ് റിലീസിന് ഒരുങ്ങിയത്. എന്നാൽ ‘മാമാങ്കം’ റിലീസ് നീട്ടിയതോടെ ഡിസംബറിൽ ‘ഷൈലോക്ക്’ എത്തില്ലായെന്നും മാമാങ്കത്തിനായി വഴിമാറുകയാണെന്നും അണിയറപ്രവർത്തകർ അറിയിച്ചിരുന്നു.

മലയാളത്തിനു പുറമെ ഹിന്ദിയിലും തമിഴിലും തെലുങ്കിലും ‘മാമാങ്കം’ മൊഴിമാറ്റുന്നുണ്ട്. ചരിത്ര പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘മാമാങ്കം’. വള്ളുവനാടിന്റെ ചരിത്രമാണ് ‘മാമാങ്കം’ എന്ന സിനിമയുടെ മുഖ്യ പ്രമേയം. പന്ത്രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ മലപ്പുറം ജില്ലയിലെ തിരുന്നാവായ മണപ്പുറത്ത് അരങ്ങേറുന്ന മാമാങ്കത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. നിരവധി താരനിരകള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Read More:‘രായപ്പനായി’ അതിശയിപ്പിച്ച് വിജയ്; ബിഗിലിലെ ആ രംഗമിതാ: വീഡിയോ

ശങ്കര്‍ രാമകൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പള്ളിയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. എം ജയചന്ദ്രനാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണ് മാമാങ്കം.