‘ഞാൻ തേടും താരം’; സുരാജിനൊപ്പം പൃഥ്വി, ശ്രദ്ധനേടി ‘ഡ്രൈവിങ് ലൈസൻസ്’ ആദ്യഗാനം

November 26, 2019

പൃഥ്വിരാജ് സുകുമാരൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘ഡ്രൈവിങ് ലൈസന്‍സ്’. ജീന്‍ പോള്‍ ലാല്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സിനിമയ്ക്കുവേണ്ടിയുള്ള പൃഥ്വിരാജിന്റെ ലുക്കും ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടുന്നുണ്ട്. ‘ഡ്രൈവിങ് ലൈസന്‍സ്’ എന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. ചിത്രം ക്രിസ്മസിനോട് അനുബന്ധിച്ച് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ഇപ്പോഴിതാ ചിത്രത്തിലെ ആദ്യഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. സന്തോഷ് വർമ്മയുടേതാണ് വരികൾ. ‘ഞാൻ തേടും താരം’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ആന്റണി ദാസാണ്.

ആഡംബര കാറുകളോട് അതിയായ പ്രിയമുള്ള ഒരു സൂപ്പര്‍ സ്റ്റാറായാണ് ചിത്രത്തില്‍ പൃഥ്വിരാജ് എത്തുക എന്നാണ് സൂചന. സച്ചിയാണ് ‘ഡ്രൈവിങ് ലൈസന്‍സ്’ എന്ന സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിനൊപ്പം മാജിക് ഫ്രയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ സഹ നിര്‍മാതാവാണ്. അലക്‌സ് ജെ പുളിക്കലാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. രതീഷ് രാജാണ് എഡിറ്റര്‍.

Read more: ‘ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം’; ലാലേട്ടനൊപ്പം പ്രണയാർദ്രമായി മേനകയും, വീഡിയോ

സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. പൃഥ്വിരാജ് നിര്‍മാതാവും നായകനുമാകുന്ന രണ്ടാമത്തെ ചിത്രം എന്ന പ്രത്യേകതയുമുണ്ട് ‘ഡ്രൈവിങ് ലൈസന്‍സി’ന്. ‘നയണ്‍ (9)’ ആയിരുന്നു താരം നിര്‍മാതാവും നായകനുമായെത്തിയ ആദ്യ ചിത്രം.