ഇനി പ്ലാസ്റ്റിക്ക് ബോട്ടിൽ വെറുതെ വലിച്ചെറിയേണ്ട..! കാണാം പ്ലാസ്റ്റിക് ബോട്ടിലിൽ തീർത്ത ഒരു ഗ്രാമം; ചിത്രങ്ങൾ

November 28, 2019

ലോകത്ത് മാലിന്യകൂമ്പാരങ്ങൾ ദിനം പ്രതി വർധിച്ചുവരികയാണ്. ഇതിൽ ഏറ്റവും അപകടകരവും മണ്ണിലിട്ടാൽ നശിച്ചുപോകാത്തതുമാണ് പ്ലാസ്റ്റിക് മാലിന്യം. പ്ലാസ്റ്റിക്കിന്റ ഉപയോഗം ദിവസേന കൂടിവരുന്നതും നിരവധി ആരോഗ്യ പ്രശ്നങ്ങൾക്കും മലിനീകരണത്തിനും കാരണമാകും. ഇതിൽ ഏറ്റവും ഉപദ്രവകാരിയും വളരെ സുലഭമായി കാണുന്നതും പ്ലാസ്റ്റിക് കുപ്പികളാണ്. എന്നാൽ ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക്ക് എന്ത് ചെയ്യണമെന്നറിയാത്തവർ പോകേണ്ട ഒരു സ്ഥലമുണ്ട്. പ്ലാസ്റ്റിക് ബോട്ടിലുകൾക്കൊണ്ട് തീർത്ത ഒരു ഗ്രാമത്തിൽ.

അമേരിക്കയിലെ പനാമയിലാണ് പ്ലാസ്റ്റിക് ബോട്ടിൽ ഗ്രാമം. ഒരു വര്ഷം ഏകദേശം ഒരുലക്ഷത്തോളം ആളുകൾ ഈ ഗ്രാമം സന്ദർശിക്കാറുണ്ട്. വിനോദസഞ്ചാരികൾ  അവിടങ്ങളിൽ വലിച്ചെറിയുന്ന പ്ലാസ്റ്റിക് ബോട്ടിലുകൾ ശേഖരിച്ച് ബിസിനസുകാരനായ റോബോർട്ട് ബാസ്യൂവും സുഹൃത്തുക്കളും ചേർന്ന് ഒരു ഗ്രാമം തന്നെ പടുത്തുയർത്തു.

പ്ലാസ്റ്റിക് ബോട്ടിലുകൾ ഭൂമിയുടെ ആവാസവ്യവസ്ഥയ്ക്ക് തന്നെ ഭീഷണിയാണ് എന്ന് മനസിലാക്കിയ റോബോർട്ട് ആദ്യം അധികാരികളുടെ സഹായത്തോടെ ഒരു പ്ലാസ്റ്റിക് ബോട്ടിൽ കെട്ടിടമാണ് നിർമിച്ചത്. പിന്നീട് ഈ കെട്ടിടം നാലുനിലയുള്ള മറ്റൊരു കൊട്ടാരത്തിലേക്കും ഉയർന്നു. എന്നാൽ ഇപ്പോൾ അവിടെ വെറും കെട്ടിടങ്ങൾ മാത്രമല്ല, പ്ലാസ്റ്റിക് പ്രകൃതിക്ക് ഉണ്ടാക്കുന്ന ദോഷങ്ങൾ പറയുന്ന പ്ലാസ്റ്റിക് ജയിലും ഒരുക്കിയിട്ടുണ്ട്.

Read also: വാട്സ്ആപ്പ് ഗ്രൂപ്പുകളുടെ പേരിലുമുണ്ട് കാര്യം; സൂക്ഷിച്ചില്ലെങ്കിൽ എന്നന്നേക്കുമായി അക്കൗണ്ട് നഷ്ടമാകും 

അതേസമയം ഈ കെട്ടിടങ്ങളുടെ നിർമാണ രീതിയിലും ഏറെ വ്യത്യസ്തതകൾ ഉണ്ട്. ഭൂമികുലുക്കത്തെ പോലും പ്രതിരോധിക്കാൻ സാധിക്കുന്ന തരത്തിലുള്ള വീടുകളാണ് അവിടെ നിർമിച്ചിരിക്കുന്നത്. മറ്റു കോൺക്രീറ്റ് കെട്ടിടങ്ങളെ അപേക്ഷിച്ച് ഇവയിൽ ചൂടും താരതമ്യേന കുറവാണ്.

വരുന്ന മാസം മുതൽ കേരളത്തിലും പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളുടെ കാര്യത്തിൽ നിയന്ത്രണം വരികയാണ്. അതുകൊണ്ടുതന്നെ മാലിന്യകൂമ്പാരങ്ങളിൽ കിടക്കുന്ന പ്ലാസ്റ്റിക്കുകൾ എന്തുചെയ്യണമെന്നറിയാത്ത കേരളക്കരയ്ക്കും കണ്ടുപഠിക്കാം ഈ പ്ലാസ്റ്റിക്ക് ഗ്രാമത്തെ.