ബംഗ്ലാദേശിനെതിരെ ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ
ഇന്ത്യ- ബംഗ്ലാദേശ് ടി20 പരമ്പരയില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. നാഗ്പൂരില്വെച്ചു നടന്ന നിര്‍ണായക മത്സരത്തിലും വിജയം കൈവരിച്ചതോടെയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശാണ് വിജയിച്ചത്. രണ്ടാം മത്സരത്തില്‍ ഇന്ത്യ ജയിച്ചതോടെ അവസാന മത്സരം ഇരു ടീമുകള്‍ക്കും നിര്ണായകമായികരുന്നു. അവസാന അങ്കത്തില്‍ 30 റണ്‍സിനാണ് ഇന്ത്യ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയത്.
ഹാട്രിക് ഉള്‍പ്പെടെ ആറ് വിക്കറ്റ് നേടിയ ദീപക് ചാഹറിന്റെ പ്രകടനമാണ് ഇന്ത്യയ്ക്ക് തുണയായത്. കൂടാതെ 52 റണ്‍സ് നേടിയ കെ എല്‍ രാഹുലും 62 റണ്‍സ് നേടിയ ശ്രേയസ് അയ്യരും ഇന്ത്യയ്ക്ക് കരുത്തായി. അതേസമയം ലോക ടി20 ചരിത്രത്തിലെതന്നെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമായിരുന്നു ദീപക് ചാഹറിന്റേത്. 3.2 ഓവറില്‍ ഏഴ് റണ്‍സ് മാത്രം വിട്ടുനല്‍കിയാണ് ചാഹര്‍ ആറ് വിക്കറ്റ് എടുത്തത്.
Read more:ജയസൂര്യ നായകനായി ‘തൃശ്ശൂര്‍ പൂരം’; റിലീസ് ഡിസംബറില്‍
മൂന്നാം അങ്കത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇതോടെ ബാറ്റിങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സെടുത്തു. മറുപടി ബാറ്റിങിനിറങ്ങിയ ബംഗ്ലാദേശ് 19.2 ഓവറില്‍ 144 റണ്‍സെടുത്തപ്പോഴേയ്ക്കും ടീമിന് എല്ലാവരെയും നഷ്ടമായി.