കണ്ണുകളിൽ ഇരുട്ട്, മനസ് നിറയെ സംഗീതം; മധുരമീ ഗാനം , വീഡിയോ

November 13, 2019

ചില ശബ്ദങ്ങൾ അങ്ങനെയാണ് ഒരു തവണ കേട്ടാൽ മതി ഹൃദയത്തിൽ ആഴത്തിൽ അലിഞ്ഞുചേരും.. മനോഹര സംഗീതത്തിൽ സ്വയം മറന്നിരിക്കാത്തവരായി ലോകത്ത് ആരുമില്ല. അത്രമേൽ ആർദ്രമാണ് സംഗീതം. കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിലൂടെ പാട്ടുപ്രേമികളുടെ ഹൃദയം കവരുകയാണ് കണ്ണുകളിൽ ഇരുട്ടും ഹൃദയത്തിൽ സംഗീതത്തിന്റെ നിറവെളിച്ചവുമായി ജീവിക്കുന്ന ഐർവിൻ വിക്ടോറിയ എന്ന കലാകാരന്റെ  വീഡിയോ. സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ട ഐർവിന്റെ ഗാനത്തിന് നിറഞ്ഞ സ്വീകാര്യതാണ് ലഭിക്കുന്നത്.

അരുൾദാസ് രചിച്ച് മുരളി അപ്പാടത്ത് സംഗീതം നൽകിയ ‘അഴകിയതീയെപോലെ..’ എന്ന  ഗാനമാണ് ഐർവിൻ ആലപിച്ചിരിക്കുന്നത്. ഈ പാട്ട് പാടുന്നതിന്റെ വീഡിയോ ലക്ഷക്കണക്കിന് പേരാണ് കണ്ടത്. അതേസമയം ഈ കലാകാരനെക്കുറിച്ച് കൂടുതൽ അറിയാനുള്ള ആകാംക്ഷയിലാണ് സൈബർ ലോകം.

അതേസമയം ആസ്വാദക ഹൃദയങ്ങൾ കീഴടക്കിയ അന്ധഗായകനാണ് തിരുമൂർത്തി. അടുത്തിടെ സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധ ആകർഷിച്ച താരത്തിന് സിനിമയിൽ പാടുന്നതിനുള്ള അവസരവും ലഭിച്ചിരുന്നു. തിരുമൂർത്തി പാട്ട് പാടുന്നതിന്റെ വീഡിയോ ശ്രദ്ധയിൽപ്പെട്ട ഇമ്മൻ ഈ കലാകാരനെ കണ്ടെത്തി തരണമെന്ന് സോഷ്യൽ മീഡിയ സുഹൃത്തുക്കളോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് അദ്ദേഹത്തെ കണ്ടെത്തി. ഇതോടെ തിരുമൂർത്തിയ്ക്ക് സിനിമയിൽ പാടാൻ അവസരം ഒരുക്കുകയായിരുന്നു ഇമ്മൻ.

പല കലാകാരന്മാരെയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിൽ സോഷ്യല്‍ മീഡിയ നിസ്തുലമായ പങ്കുവഹിക്കുന്നുണ്ട്. വിറകുവെട്ടുന്നതിനിടയില്‍ പാട്ടുപാടിയും അടുക്കള ജോലിക്കൊപ്പം പാട്ടുപാടിയുമെല്ലാം പലരും സാമൂഹ്യ മാധ്യമങ്ങളില്‍ താരമാകുന്നു. പന്തലു പണിക്കുവന്ന് മൈക്ക് ടെസ്റ്റിങ്ങിനിടെ പാട്ട് പാടി താരമായ അക്ഷയും നമുക്ക് പരിചിതനാണ്. പാട്ട് ഹിറ്റായതോടെ അക്ഷയ്ക്ക് സിനിമയില്‍ പോലും പാടാന്‍ അവസരം ലഭിച്ചിരുന്നു. അതുപോലെ റെയില്‍വേ പ്ലാറ്റ്‌ഫോമിലിരുന്നു പാട്ട് പാടിയ രാണു മൊണ്ടാലിന്റെ പാട്ട് മണിക്കൂറുകള്‍ക്കൊണ്ടാണ് സോഷ്യൽ മീഡിയയുടെ കൈയടി നേടിയത്. ഇപ്പോഴിതാ സിനിമ പിന്നണി ഗായിക കൂടിയായിരിക്കുകയാണ് രാണു.