‘അങ്ങനെയെങ്കിൽ ദൃശ്യത്തിന്റെ പകർപ്പവകാശം ചൈനക്കാർ വാങ്ങില്ലായിരുന്നു’- ജീത്തു ജോസഫ്
ഇപ്പോൾ സിനിമ ലോകത്തെ സജീവ ചർച്ച ദൃശ്യം സിനിമയുടെ ചൈനീസ് റീമേയ്ക്ക് ആണ്. ചിത്രത്തിന്റെ ട്രെയ്ലർ എത്തിയതോടെ വിമർശനങ്ങളും ഉയർന്നു തുടങ്ങി. അതിലേറ്റവും പ്രധാനം ദൃശ്യം റിലീസ് ചെയ്ത സമയത്തുയർന്ന വിവാദമാണ്. കൊറിയൻ സിനിമയുടെ കോപ്പിയടിയാണ് ‘ദൃശ്യം’ എന്ന തരത്തിൽ വിമർശനങ്ങൾ വന്നത്. തമ്പി എന്ന തമിഴ് ചിത്രത്തിന്റെ വിശേഷങ്ങളുമായി മാധ്യമങ്ങളെ കണ്ടപ്പോഴും ഇതേ ചോദ്യം ജീത്തു ജോസഫ് നേരിട്ടത്.
ദൃശ്യം കൊറിയൻ സിനിമയുടെ കോപ്പിയടി ആയിരുന്നെങ്കിൽ ചൈനക്കാർ പകർപ്പവകാശം വാങ്ങില്ലായിരുന്നു എന്നാണ് ജീത്തു ജോസഫ് വ്യക്തമാക്കിയത്.
ഇപ്പോൾ കേരളത്തിൽ നടക്കുന്ന മിക്ക കൊലപാതക പരമ്പരകളും ദൃശ്യം മോഡൽ എന്ന് വിശേഷിപ്പിക്കുന്നതിനെതിരെയും ജീത്തു സംസാരിച്ചു. ‘അടുത്തിടെ നടന്ന ഉദയംപേരൂർ കൊലപാതക കേസിലും ദൃശ്യം മോഡൽ എന്ന് വിശേഷിപ്പിച്ചിരുന്നു. ‘ദൃശ്യം ഒരു നല്ല പേരായത് കൊണ്ട് എല്ലാവരും ദൃശ്യം മോഡൽ, ദൃശ്യം മോഡൽ എന്ന് പറയുന്നു. ഉദയംപേരൂരിലെ കൊലപാതകത്തിലും ഇങ്ങനെ കണ്ടു. ഉദയംപേരൂരിലെ കൊലപാതകമല്ല, കൊലപാതക ശേഷം ഭർത്താവ് ഭാര്യയുടെ ഫോൺ ഉപേക്ഷിച്ചതാണ് ദൃശ്യം മോഡൽ എന്ന് പറയുന്നത്.
എന്നാൽ ദൃശ്യം ചെയ്യുമ്പോൾ എനിക്ക് അങ്ങനെയൊരു ട്വിസ്റ്റ് കിട്ടിയത് ഒരു പത്ര വാർത്തയിലൂടെയാണ്. പത്രത്തിൽ വന്ന വാർത്ത കണ്ടാണ് ഇങ്ങനെയൊരു ഐഡിയ ദൃശ്യത്തിൽ ഉപയോഗിച്ചത്. അങ്ങനെ നോക്കിയാൽ മാധ്യമപ്രവർത്തകരും ഇതിനെല്ലാം ഉത്തരവാദികളാണ്’ ജീത്തു പറയുന്നു.
ജീത്തുവിന്റേതായി ഇപ്പോൾ തമ്പി എന്ന തമിഴ് ചിത്രം റിലീസിന് ഒരുങ്ങുകയാണ്. കാർത്തിയും ജ്യോതികയുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. നിഖില വിമലും പ്രാധാന്യമുള്ള ഒരു വേഷത്തിലുണ്ട്.