ശ്രദ്ധ നേടി വിലയേറിയ ഒരു ക്രിസ്മസ് ട്രീ

December 21, 2019

മഞ്ഞിന്റെ പുതപ്പണിഞ്ഞ് വീണ്ടുമൊരു ക്രിസ്മസ് കാലംകൂടി വിരുന്നെത്തിയിരിക്കുന്നു. വീടുകളും നഗരങ്ങളും പാതയോരങ്ങളുമെല്ലാം നക്ഷത്രങ്ങള്‍തൂക്കിയും പുല്‍ക്കൂട് നിര്‍മിച്ചും ക്രിസ്മസ് ട്രീ ഒരുക്കിയും മനോഹരമാക്കാറുണ്ട് ക്രിസ്മസ് കാലത്ത്. മനോഹരമായ ക്രിസ്മസ് ട്രീകള്‍ കാഴ്ചക്കാരില്‍ കൗതുകം നിറയ്ക്കുന്നു.

സാധാരണ നക്ഷത്രങ്ങള്‍, തോരണങ്ങള്‍ ബലൂണുകള്‍ എന്നിവയൊക്കെ തൂക്കിയാണ് ക്രിസ്മസ് ട്രീ പലരും കൂടുതല്‍ മനോഹരമാക്കാറുള്ളത്. എന്നാല്‍ ഇതില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമായ ഒരു ക്രിസ്മസ് ട്രീയാണ് ഈ ക്രിസ്മസ് കാലത്ത് ശ്രദ്ധ നേടുന്നത്. അത്ര നിസ്സാരക്കാരനല്ല ഈ ക്രിസ്മസ് ട്രീ. കോടികള്‍ വിലമതിക്കുന്ന ഈ ക്രിസ്മസ് ട്രീ ലോകത്തിലെ തന്നെ ഏറ്റവും വിലയേറിയ ക്രിസ്മസ് ട്രീയാണ് ഇത്.

സ്‌പെയിനിലെ കെംപിന്‍സ്‌കി ഹോട്ടലിലാണ് തികച്ചും വ്യത്യസ്തമായ ഈ ക്രിസ്മസ് ട്രീ ഒരുക്കിയിരിക്കുന്നത്. 15 മില്യണ്‍ യുഎസ് ഡോളര്‍ (107 കോടി രൂപയിലധികം) വില വരുന്നതാണ് ഈ ക്രിസ്മസ് ട്രീ. ക്രിസ്മസ് ട്രീയുടെ വീഡിയോകളും ചിത്രങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളിലും വൈറലാണ്.

Read more: കൈയടി നേടി ‘തൃശ്ശൂര്‍ പൂരം’; പാട്ടുപാടി വിജയം ആഘോഷിച്ച് ഹരിചരണും രതീഷ് വേഗയും: വീഡിയോ

അതേസമയം ഈ ക്രിസ്മസ് ട്രീക്ക് ഇത്രയേറെ വില വരാനും കാരണമുണ്ട്. തോരണങ്ങള്‍ക്കും ബലൂണുകള്‍ക്കും പകരമായി ക്രിസ്മസ് ട്രീയില്‍ തൂക്കിയിരിക്കുന്നത് വജ്രങ്ങളും ഡിസൈനര്‍ ആഭരണങ്ങളും വിലയേറിയ കല്ലുകളുമൊക്കെയാണ്. ഡയമണ്ട്, നാല് കാരറ്റ് സഫയര്‍ എന്നിവയ്ക്ക് പുറമെ ബള്‍ഗാരി, കാര്‍ട്ടിയര്‍, വാന്‍ ക്ലെഫ്, ആര്‍പെല്‍സ്, ഷനല്‍ തുടങ്ങിയ ആഡംബര ബ്രാന്‍ഡുകളുടെ ആഭരണങ്ങളും വില കൂടിയ പെര്‍ഫ്യൂമുകളും ഒട്ടക പക്ഷികളുടെ അലങ്കരിച്ച മുട്ടകളും ത്രിഡി പ്രിന്റ് ചെയ്ത ചോക്ലേറ്റ് രൂപങ്ങളും ഈ ക്രിസ്മസ് ട്രീയുടെ അലങ്കാരത്തിനായി ഉപയോഗിച്ചിട്ടുണ്ട്. ഡെബി വിംഗ്ഹാം എന്ന ഫാഷന്‍ ഡിസൈനറാണ് ഈ ക്രിസ്മസ് ട്രി ഇത്തരത്തില്‍ തയ്യാറാക്കിയിരിക്കുന്നത്.