‘പറയാതരികെ’; മനോഹരം ഈ പ്രണയഗാനം, വീഡിയോ

December 18, 2019

‘പറയാതരികെ വന്ന പ്രണയമേ..നിനക്ക് നൽകാൻ എന്ത് തേടും ഞാൻ അകമേ…’

മനോഹരമായ ഒരു പ്രണയ ഗാനം കൂടി പ്രേക്ഷകർക്ക് സമ്മാനിക്കുകയാണ് നിത്യ മേനോൻ നായികയായി എത്തുന്ന കോളാമ്പി എന്ന ചിത്രം. ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. വിനായക് ശശികുമാറിന്റെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് രമേശ് നാരായണനാണ്. മധുശ്രീ നാരായണന്റെ ആലാപനമാണ് ഗാനത്തിന്റെ മുഖ്യ ആകർഷണം.

ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം സംവിധായക രംഗത്തേക്ക് ടി കെ രാജീവ് കുമാര്‍ എത്തിയ ചിത്രം കൂടിയാണ് കോളാമ്പി. കോളാമ്പി മൈക്ക് നിരോധിച്ചതിനെ തുടര്‍ന്ന് ജീവിതം വഴിമുട്ടിയവരുടെ കഥയാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. രൂപേഷ് ഓമനയാണ് ചിത്രം നിര്‍മിച്ചത്. രഞ്ജി പണിക്കര്‍, ദിലീഷ് പോത്തന്‍, രോഹിണി തുടങ്ങി നിരവധി താരനിരകള്‍ കോളാമ്പി എന്ന സിനിമയില്‍ അണിനിരക്കുന്നുണ്ട്. രവി വര്‍മ്മനാണ് ചിത്രത്തിനു വേണ്ടി ക്യമാറ കൈകാര്യം ചെയ്യുന്നത്.

ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം സിനിമയില്‍ നിന്ന് ഏറെക്കാലമായി വിട്ടുനിന്ന ടി കെ രാജീവ് കുമാര്‍ സംവിധായക രംഗത്തേക്ക് തിരിച്ചെത്തിയ ചിത്രമാണ് കോളാമ്പി. ദേശീയ ചലച്ചിത്ര പുരസ്‌കാരം, കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ രാജീവിന്റെ അവസാന ചിത്രം ‘തത്സമയം ഒരു പെണ്‍കുട്ടി’ ആയിരുന്നു. ആ ചിത്രത്തിലും നിത്യ മേനോന്‍ തന്നെയാണ് നായികയായി എത്തിയത്.

‘പ്രാണ’യാണ് നിത്യയുടേതായി അവസാനം വെള്ളിത്തിരയിൽ എത്തിയ ചിത്രം.