‘കുഞ്ഞാലി മരയ്ക്കാർ’ ചെയ്യാനും ചെയ്യാതിരിക്കാനും സാധ്യതയുണ്ട്’- മമ്മൂട്ടി
മാമാങ്കം വിജയകരമായി തിയേറ്ററുകളിൽ പ്രദർശനം തുടരുമ്പോൾ ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന മറ്റൊരു ചിത്രത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് മമ്മൂട്ടി. കുഞ്ഞാലി മരയ്ക്കാർ എന്ന ചിത്രത്തെകുറിച്ചാണ് മമ്മൂട്ടി വ്യക്തമാക്കിയത്.
ഇതുവരെ അങ്ങനെയൊരു ചിത്രം ചെയ്യുന്നതിൽ തീരുമാനം ഒന്നുമായിട്ടില്ലെന്നും ഭാവിയിൽ ചെയ്യാനും ചെയ്യാതിരിക്കാനും സാധ്യത ഉണ്ടെന്നുമാണ് മമ്മൂട്ടി പറഞ്ഞത്. സന്തോഷ് ശിവൻ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യാനിരിക്കുന്ന ചിത്രമാണ് കുഞ്ഞാലി മരയ്ക്കാർ.
മാമാങ്കം നേരിടുന്ന ഡീഗ്രേഡിങ്ങിനെ കുറിച്ച് സംസാരിക്കാനാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഒരു പ്രസ്സ് മീറ്റ് നടത്തിയത്. മാധ്യമങ്ങളോട് സംസാരിക്കവേയാണ് മമ്മൂട്ടി കുഞ്ഞാലി മരയ്ക്കാർ എന്ന ചിത്രത്തെക്കുറിച്ച് വ്യക്തമാക്കിയത്.
ഒരേ പ്രമേയത്തിൽ സന്തോഷ് ശിവനും പ്രിയദർശനും സിനിമ ചെയ്യാൻ രംഗത്ത് എത്തുകയായിരുന്നു. ഒടുവിൽ ഒരു നിശ്ചിത സമയം സന്തോഷ് ശിവന് പ്രിയദർശൻ നൽകുകയും അതിനുള്ളിൽ സിനിമ തുടങ്ങിയില്ലെങ്കിൽ മോഹൻലാലിനെ നായകനാക്കി ചിത്രം ഷൂട്ടിംഗ് ആരംഭിക്കുമെന്നും വ്യക്തമാക്കിയിരുന്നു.
Read More:മുടക്കുമുതലിനേക്കാൾ വലിയ തുക നേടി ചൈനീസ് റിലീസിന് തയ്യാറെടുത്ത് ‘മാമാങ്കം’
സന്തോഷ് ശിവൻ സിനിമയിൽ വ്യക്തത നൽകാതിരുന്നതോടെ പ്രിയദർശൻ സിനിമ ആരംഭിക്കുകയായിരുന്നു. രാമോജി റാവു ഫിലിം സിറ്റിയിൽ വലിയ താരനിരയോടെ ചിത്രം ഒരുങ്ങുകയും മാർച്ചിൽ റിലീസിന് തയ്യാറെടുക്കുകയുമാണ് മോഹൻലാൽ നായകനായ മരയ്ക്കാർ അറബിക്കടലിന്റെ സിംഹം.
ഇപ്പോൾ മമ്മൂട്ടിയുടേതായി മാമാങ്കമാണ് തിയേറ്ററുകളിൽ ഉള്ളത്. പ്രദര്‍ശനത്തിനെത്തിയ ആദ്യംദിനം തന്നെ ‘മാമാങ്കം’ ആഗോളതലത്തില്‍ 23 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയിരുന്നു. ചിത്രത്തിന്റെ നിര്‍മാതാവായ വേണു കുന്നപ്പിള്ളി ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം തയ്യാറായത്. നാല് ഭാഷകൾക്ക് പുറമെ ഇനി ചൈനീസിലേക്കും ‘മാമാങ്കം’ ചേക്കേറുകയാണെന്നാണ് അണിയറപ്രവർത്തകർ ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.