സത്യസന്ധമായി മാധ്യമപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് വിലക്കേര്‍പ്പെടുത്തുമ്പോള്‍…

December 20, 2019

തലവാചകത്തില്‍ ‘സത്യസന്ധത’ എന്ന വാക്ക് ചേര്‍ത്തതിന് പിന്നില്‍ കാരണമുണ്ട്. അത് വഴിയേ പറയാം. ഭരണകൂട ഭീകരതയുടെ അതിഭയാനകമായ മുഖമാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. നാടെങ്ങും പ്രതിഷേധം അലയടിക്കുമ്പോള്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രക്ഷോപം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ മംഗളൂരു പൊലീസ് കസ്റ്റഡിയിലെടുത്തു. അത്രമേല്‍ ഗൗരവമേറിയ വാര്‍ത്ത സത്യസന്ധമായി ജനങ്ങളിലേക്കെത്തിക്കാന്‍ ശ്രമിക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ ‘വാ മൂടിക്കെട്ടാന്‍’ ശ്രമിക്കന്നതിനോട് ഒരു തരത്തിലും യോജിച്ച് പോകാന്‍ സാധിക്കില്ല.

ഇനി തലവാചകത്തില്‍ത്തന്നെ സത്യസന്ധതയെക്കുറിച്ച് പരാമര്‍ശിച്ചതിനെപ്പറ്റി പറയാം. മലയാളി മാധ്യമപ്രവര്‍ത്തകരെ മംഗളൂരു പൊലീസ് കസ്റ്റഡിയില്‍ എടുത്തപ്പോള്‍ വ്യാജവാര്‍ത്ത നല്‍കിയ ചില മാധ്യമങ്ങളുമുണ്ട്. ജനം ടിവി അടക്കമുള്ള ചുരുക്കം ചില മാധ്യമങ്ങള്‍. ‘വ്യാജ മാധ്യമപ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍’ എന്ന തലവാചകത്തോടെ ഈ മാധ്യമങ്ങള്‍ വാര്‍ത്ത കൊടുത്തപ്പോള്‍ ആ വാര്‍ത്തയെ വിശ്വസിക്കാന്‍മാത്രം വിഡ്ഢികളല്ല പ്രബുദ്ധ കേരളം എന്ന് മാത്രം ഓര്‍മ്മപ്പെടുത്തിക്കൊള്ളട്ടെ… കാരണം കസ്റ്റഡിയിലെടുത്ത മലയാളി മാധ്യമപ്രവര്‍ത്തകര്‍ മംഗളൂരുവില്‍ എത്തിയത് അക്രമം ഉണ്ടാക്കാനല്ല, വാര്‍ത്തയുടെ ഗൗരവം ചോരാതെ ജനങ്ങളിലേക്ക് എത്തിക്കുന്നതിനു വേണ്ടിയാണ്. അവര്‍ ഉത്തരവാദിത്വപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ തന്നെയാണ്.

മംഗളൂരുവില്‍ കൊല്ലപ്പെട്ടവരുടെ പോസ്റ്റ്‌മോര്‍ട്ടം നടക്കുമ്പോള്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനുവേണ്ടി എത്തിയ മാധ്യമപ്രവര്‍ത്തകരെയാണ് മംഗളൂരു പൊലീസ് കസ്റ്റഡിയിലെടുത്തത്. ട്വന്റിഫോര്‍ ന്യൂസ് കാസര്‍ഗോഡ് ബ്യൂറോ റിപ്പോര്‍ട്ടര്‍ ആനന്ദ് കൊട്ടിലയക്കും ക്യാമറമാന്‍ രഞ്ജിത് മന്നിപ്പാടിയ്ക്കും പുറമെ ഏഷ്യാനെറ്റ്, ന്യൂസ് 18, മീഡിയ വണ്‍ അടക്കമുള്ള സ്ഥാപനങ്ങളിലെ മാധ്യമപ്രവര്‍ത്തകരെയും പൊലീസ് അകാരണമായി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

രാജ്യമൊട്ടാകെ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുന്നു. ഇന്നലെ മംഗളൂരുവില്‍ നടന്ന പ്രതിഷേധത്തിനിടെ പൊലീസ് വെടിയുതിര്‍ത്തപ്പോള്‍ ജീവന്‍ പൊലിഞ്ഞ രണ്ട് പേരുണ്ട്. ഇവര്‍ക്ക് പുറമെ ഉത്തര്‍പ്രദേശിലും പ്രതിഷേധത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മരണപ്പെട്ടവരുടെ എണ്ണം മൂന്ന്. കയ്യും കാലും തല്ലിച്ചതയ്ക്കപ്പെട്ടപ്പോള്‍ രക്തം ചൊരിയേണ്ടി വന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം വേറെ.

അതിനിടയില്‍ ചിലയിടത്ത് ഇന്റര്‍നെറ്റിന് വിലക്കേര്‍പ്പെടുത്തുന്നു, മറ്റ് ചിലയിടങ്ങളില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്. ഇങ്ങനെ ചില വിലക്കുകള്‍ക്കൊണ്ട് ഒതുക്കിതീര്‍ക്കാന്‍ സാധിക്കുന്ന ഒന്നല്ല പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യമൊട്ടാകെ അലയടിച്ചുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങള്‍. പ്രതിഷേധം ഇനിയും തുടര്‍ന്നുകൊണ്ടേയിരിക്കും, രാജ്യത്തിന്റെ സമത്വത്തെ, കെട്ടുറപ്പിനെ ഉന്മൂലനം ചെയ്യാന്‍ പരിശ്രമിക്കുന്നവര്‍ക്കെതിരെ….