ആരോഗ്യ ബോധവത്കരണം നല്‍കാന്‍ ട്രോളന്മാരും
ട്രോളന്മാര്‍ അരങ്ങു വാഴുന്ന കാലമാണ് ഇത്. എന്തിനും ഏതിനും ട്രോളുണ്ടാക്കുന്ന ഇവര്‍ ആരോഗ്യ ബോധവല്‍കരണത്തിനായി നേരിട്ടിറങ്ങുകയാണ്. സമൂഹമാധ്യമങ്ങളിലൂടെ ശരിയായ ആരോഗ്യ അവബോധം സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി നാഷ്ണല്‍ ഹെല്‍ത്ത് മിഷന്‍ ഹെല്‍ത്തി കേരള മീം കോണ്ടസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ്. ജനപ്രിയ ട്രോള്‍ കൂട്ടായ്മകളായ ഐസിയു, ട്രോള്‍ മലയാളം, ട്രോള്‍ റിപ്പബ്ലിക്ക്, SCT(School College Trolls) എന്നിവര്‍ക്കൊപ്പം ചേര്‍ന്നാണ് നാഷ്ണല്‍ ഹെല്‍ത്ത് മിഷന്‍ മീം കോണ്ടസ്റ്റ് സംഘടിപ്പിക്കുന്നത്.
പൊതുജനങ്ങളുടെ സഹകരണത്തോടുകൂടി ജനങ്ങളില്‍ ശരിയായ ആരോഗ്യ ശീലങ്ങള്‍ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ആര്‍ദ്രം ജനകീയ ക്യാമ്പയിന്റെ ഭാഗമായാണ് നാഷ്ണല്‍ ഹെല്‍ത്ത് മിഷനും ജനപ്രിയ സമൂഹമാധ്യമ കൂട്ടായ്മകളും ചേര്‍ന്ന് ഹെല്‍ത്തി കേരള ക്യാമ്പയിന്‍ ആരംഭിച്ചിരിക്കുന്നത്. നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്വം എന്നതാണ് ക്യാമ്പയിന്റെ മുദ്രാവാക്യം.
ഡിസംബര്‍ എട്ട് മുതല്‍ ജനുവരി എട്ട് വരെയാണ് മീം കോണ്ടെസ്റ്റില്‍ പങ്കെടുക്കുവാനുള്ള അവസരം. ആരോഗ്യ ബോധവല്‍കരണവുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ തയാറാക്കി മത്സരാര്‍ത്ഥികള്‍ ക്യാമ്പയിന്‍ നടക്കുന്ന പേജുകളിലേക്ക് അയക്കുകയാണ് വേണ്ടത്.
ലഹരിക്കെതിരായ ബോധവല്‍കരണം, ജങ്ക് ഫുഡ് സംസ്‌കാരത്തില്‍ നിന്നുള്ള മോചനം, മാനസീകാരോഗ്യം, വ്യായാമത്തിന്റെ പ്രാധാന്യം, ശരിയായ ആഹാരശീലം, വ്യക്തി ശുചിത്വം, പരിസര ശുചിത്വം എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് മത്സരാര്‍ത്ഥികള്‍ പോസ്റ്റുകള്‍ തയാറാക്കേണ്ടത്. ഇതിനുപുറമെ ആരോഗ്യ സംബന്ധിയായ പൊതു വിവരങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുന്ന പോസ്റ്റുകളും തയാറാക്കാം.
ഓരോ പേജിലും ഏറ്റവും മികച്ച പോസ്റ്റുകള്‍ തയാറാക്കുന്ന മൂന്നു പേര്‍ക്കാണ് സമ്മാനം നല്‍കുക. ഓരോ പേജിലും ഒന്നാമതെത്തുന്ന ആള്‍ക്ക് 5000 രൂപയും രണ്ടാം സ്ഥാനത്തെത്തുന്നവര്‍ക്ക് 3000 രൂപയും മൂന്നാം സ്ഥാനത്തെത്തുന്നവര്‍ക്ക് 2000 രൂപയുമാണ് സമ്മാനം. ജനുവരി 12 ന് ദേശീയ യുവജന ദിനത്തോട് അനുബന്ധിച്ച് നടക്കുന്ന പരിപാടിയില്‍ വിജയികള്‍ക്ക് സമ്മാനം നല്‍കും.