ശരീരത്തില്‍ സോഡിയം കുറയാതിരിക്കാന്‍ ഭക്ഷണകാര്യത്തില്‍ വേണം കരുതല്‍

December 21, 2019

മനുഷ്യശരീരത്തില്‍ ആവശ്യത്തിനു വേണ്ട ഒരു ഘടകമാണ് സോഡിയം. സോഡിയം കുറഞ്ഞ് കുഴഞ്ഞുവീണ് ആശുപത്രികളില്‍ എത്തുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരികയാണ്. നമ്മുടെ ശരീരത്തിന്റെ സന്തുലിതാവസ്ഥയ്ക്ക് സോഡിയം വലിയ പങ്കുവ വഹിക്കുന്നുണ്ട്. സാധാരണ പ്രായമായവരിലാണ് സോഡിയം കുറഞ്ഞു പോകുന്ന അവസ്ഥ കൂടുതലായി കണ്ടുവരാറുള്ളത്. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ കുട്ടികളിലും സോഡിയം കുറഞ്ഞ് പോകാറുണ്ട്.

സോഡിയം കുറയുമ്പോള്‍ പലപ്പോഴും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു. ഛര്‍ദി, ക്ഷീണം, ശ്വസതടസ്സം, ശ്രദ്ധക്കുറവ്, ശരീരത്തിന് ഉലച്ചില്‍ തുടങ്ങിയവയാണ് ശരീരത്തില്‍ സോഡിയം കുറയുമ്പോള്‍ ഉണ്ടാകുന്ന അസ്വസ്ഥതകള്‍. പ്രായമായവരുടെ സ്വഭാവത്തിലെ വ്യതിയാനങ്ങള്‍, മറവി തുടങ്ങിയവയും സോഡിയം കുറഞ്ഞുപോകുന്നതിന്റെ ലക്ഷണങ്ങളാണ്.

നാം കഴിക്കുന്ന ഭക്ഷണങ്ങളിലൂടെയും കുടിയ്ക്കുന്ന പാനിയങ്ങളിലൂടെയുമാണ് ശരീരത്തിന് ആവശ്യമായ സോഡിയം ലഭിക്കുന്നത്. ദിവസവും 1.5 ഗ്രാമില്‍ കുറയാതെ സോഡിയം അടങ്ങിയ ഭക്ഷണം കഴിക്കേണ്ടത് ആവശ്യമാണ്. എന്നാല്‍ ഹൈപ്പര്‍ ടെന്‍ഷന്‍, ഹൃദയ രോഗം എന്നിവയുള്ളവര്‍ സോഡിയം കൂടുതലുള്ള ഭക്ഷണം അമിതമായി കഴിക്കുന്നത് നല്ലതല്ല.

മധുരക്കിഴങ്ങ്, ചീര എന്നിവയില്‍ സോഡിയം ധാരാളമായി അടങ്ങിയിട്ടുണ്ട്. ചീസിലും സോഡിയത്തിന്റെ ഘടകമുണ്ട്. അതുപോലെതന്നെ മത്സ്യത്തിലും സോഡിയം അടങ്ങിയിരിക്കുന്നു. ദിവസവും മത്സ്യം ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് ഏറെ ആരോഗ്യകരമാണ്.

സോഡിയം കുറയുന്നവര്‍ ദിവസേന വെജിറ്റബിള്‍ ജ്യൂസ് കുടിക്കുന്നതും നല്ലതാണ്. ഇത് ശരീരത്തില്‍ സോഡിയത്തിന്റെ അളവ് വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. പ്രതിരോധശേഷി വര്‍ധിപ്പിക്കാനും വെജിറ്റബിള്‍ ജ്യൂസ് കുടിയ്ക്കുന്നത് സഹായിക്കുന്നു.