സ്ത്രീസുരക്ഷയും പ്രണയത്തിന്റെ വേദനയും പറഞ്ഞ് സ്റ്റാൻഡ് അപ്പ്

December 14, 2019

വിധു വിൻസെന്റ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സ്റ്റാൻഡ് അപ്പ്’. സ്ത്രീകൾക്ക് വേണ്ടി സ്ത്രീകൾ ശബ്ദമുയർത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രം ഇന്ന് തിയേറ്ററുകളിൽ എത്തുമ്പോൾ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നിമിഷ സജയനും രജീഷ വിജയനുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പ്രണയം, കുടുംബബന്ധം, സ്ത്രീ സുരക്ഷ എന്നിവ പ്രമേയമാക്കി ഒരുക്കുന്ന ചിത്രത്തിൽ, കീർത്തി എന്ന കഥാപാത്രമായി എത്തുന്ന നിമിഷ, സ്റ്റാൻഡ് അപ്പ് കൊമേഡിയൻ മത്സരത്തിൽ പറയുന്ന കഥയിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. അവളുടെ സ്വന്തം കഥ തന്നെയാണ് കീർത്തി പറയുന്നത് എന്നത് ഏറെ ശ്രദ്ധേയം. എന്നാൽ താരം പറയുന്നത് ഒരു കോമഡിയല്ല, വളരെ സീരിയസായ അവളുടെ ജീവിത കഥയാണ്.

ചിത്രത്തിൽ കീർത്തിയുടെ സുഹൃത്തിന്റെ വേഷത്തിലാണ് രജിഷ വിജയൻ എത്തുന്നത്. ദിയ എന്നാണ് രജീഷ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ദിയയും കീർത്തിയുടെ സഹോദരനും തമ്മിൽ പ്രണയത്തിൽ ആകുന്നതും തുടർന്ന് അവർക്കിടയിൽ സംഭവിക്കുന്ന പ്രശ്നങ്ങളിലൂടെയുമാണ് കഥ വികസിക്കുന്നത്.

കേരളത്തിൽ അത്രതന്നെ പ്രചാരമില്ലാത്ത സ്റ്റാൻഡ് അപ്പ് കോമഡി എന്ന കലയെ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് പരിചയപെടുത്തുക കൂടിയാണ് സംവിധായികയും അണിയറപ്രവർത്തകരും.

‘മാൻഹോൾ’ എന്ന ഒരൊറ്റ ചിത്രത്തിലൂടെ ജനശ്രദ്ധ നേടിയ വിധു വിൻസെന്റ് സംവിധാനം നിർവഹിച്ച ചിത്രം കൂടിയാണ് സ്റ്റാൻഡ് അപ്പ്. ആദ്യ ചിത്രത്തിലൂടെത്തന്നെ സംസ്ഥാന സർക്കാറിന്റെ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട രജീഷ വിജയനും, സംസ്ഥാന സർക്കാരിന്റെ മികച്ച നടിക്കുള്ള അവാർഡ് നേടിയ നിമിഷ സജയനും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുവെന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. വിധുവിന്റെ ‘മാൻഹോളി’ന് തിരക്കഥയൊരുക്കിയ ഓമനക്കുട്ടനാണ് ഈ ചിത്രത്തിനും തിരക്കഥ ഒരുക്കിയിരിക്കുന്നത്.