ഓസ്‌ട്രേലിയയ്‌ക്കെതിരെ രണ്ടാം ഏകദിനം; പ്രതീക്ഷയോടെ ഇന്ത്യ

January 17, 2020

ഇന്ത്യ- ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിന് തുടക്കമായി. രാജ്‌കോട്ടിലാണ് മത്സരം. അതേസമയം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണ്ണായകമാണ് ഇന്നത്തെ മത്സരം. രണ്ടാം ഏകദിനത്തിലും ടോസ് നേടിയ ഓസ്‌ട്രേലിയ ബൗളിങ് തിരഞ്ഞെടുത്തു. ഇതോടെ ബാറ്റിങ്ങിനിറങ്ങിയിരിക്കുകയാണ് ഇന്ത്യ.

അതേസമയം മാറ്റങ്ങളോടെയാണ് ഇന്ത്യ ഇന്ന് കളത്തിലിറങ്ങിയിരിക്കുന്നത്. ഋഷഭ് പന്തിന് പകരം മനീഷ് പാണ്ഡെയും ശാര്‍ദുല്‍ ഠാക്കൂറിന് പകരം നവ്ദീപ് സെയ്‌നിയുമാണ് ഇന്ത്യന്‍ പ്ലേയിങ് ഇലവനില്‍ ഇടം നേടിയിരിക്കുന്നത്. കെ എല്‍ രാഹുലാണ് വിക്കറ്റ് കീപ്പര്‍. അതേസമയം ഓസ്‌ട്രേലിയന്‍ ടീമില്‍ കാര്യമായ മാറ്റങ്ങളൊന്നുമില്ല.

ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടതുകൊണ്ടുതന്നെ രണ്ടാം ഏകദിനത്തില്‍ വിജയിക്കാനായില്ലെങ്കില്‍ കോലിപ്പടയ്ക്ക് പരമ്പര തന്നെ നഷ്ടമാകും. നിലവില്‍ സ്‌കോര്‍ ബോര്‍ഡില്‍ അര്‍ധ സെഞ്ചുറി പിന്നിട്ട ഇന്ത്യ മികച്ച രീതിയിലാണ് ബാറ്റിങ് തുടരുന്നത്. രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനുമാണ് ഇന്ത്യയുടെ ഓപ്പണര്‍മാര്‍.

അതേസമയം ഇന്ത്യ- ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ കനത്ത തോല്‍വിയായിരുന്നു ഇന്ത്യയ്ക്ക്. ഒരു വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെ ഓസ്‌ട്രേലിയ ആദ്യ അങ്കത്തില്‍ വിജയം കൊയ്തു. ഇന്ത്യ ഉയര്‍ത്തിയ 256 റണ്‍സ് എന്ന വിജയലക്ഷ്യം ഒരു വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെ ഓസ്‌ട്രേലിയ മറികടന്നു. ആദ്യ മത്സരത്തിലെ മികവ് ഇത്തവണയും ഓസ്‌ട്രേലിയ പുറത്തെടുത്താല്‍ പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യന്‍ ടീമിന് കഴിയില്ല. അതുകൊണ്ടുതന്നെ ഏറെ നിര്‍ണായകമാണ് ഇന്നത്തെ മത്സരം.