റീബിൾഡ് കേരള: 1805 കോടിയുടെ പദ്ധതികൾക്ക് അംഗീകാരം നൽകി സർക്കാർ

പ്രളയം തകർത്തെറിഞ്ഞ കേരളക്കരയുടെ പുനർനിർമ്മാണത്തിനായി 1805 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം നൽകി സർക്കാർ. 1805 കോടിയിൽ 807 കോടിയുടെ പദ്ധതികൾക്ക് ഭരണാനുമതി ലഭിച്ചു. 300 കോടി മരാമത്ത് റോഡുകളുടെ പുനർനിർമ്മാണത്തിനായും, 488 കോടി എട്ടു ജില്ലകളിൽ 603 കിലോമീറ്റർ പ്രാദേശിക റോഡുകളുടെ പുനർനിർമാണത്തിനായും, 30 കോടി രൂപ ബ്രഹ്മപുരത്ത് കടമ്പ്രയാർ പുഴയ്ക്കുമീതെയുള്ള പാലത്തിനായും നൽകാൻ തീരുമാനമായി. 20.8 കോടി രൂപ ജ്യോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റവും റേഡിയോഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ ഡിവൈസ് ടെക്നോളജി പ്രയോജനപ്പെടുത്താനായും ഉപയോഗിക്കാനാണ് നിർദ്ദേശം.
കണ്ടൽക്കാടുകളുടെ സംരക്ഷണം, വനത്തിൽനിന്ന് ആളുകളെ മാറ്റിപാർപ്പിക്കുക, വനാതിർത്തിക്കുള്ളിലെ സ്വകാര്യ എസ്റ്റേറ്റുകൾ ഏറ്റെടുക്കുക എന്നിവയ്ക്കായി 130 കോടി രൂപ. കുടുംബശ്രീയുടെ ഭാഗമായി ജീവനോപാധി പരിപാടികൾ നടപ്പാക്കുന്നതിന് 250 കോടി ജല അതോറിറ്റിയുടെ ശുദ്ധജല പദ്ധതികൾ പൂർത്തിയാക്കുന്നതിനും പമ്പ്സെറ്റ് മാറ്റുന്നതിനും 350 കോടി എന്നിങ്ങനെയുമാണ് പദ്ധതികൾ വിഭാവനം ചെയ്തിരിക്കുന്നത്.
പദ്ധതിക്ക് ലോകബാങ്കിൽ നിന്ന് ആദ്യഗഡുവായി 1780 കോടി രൂപ വായ്പ ലഭിച്ചിട്ടുണ്ട്. അതോടൊപ്പം ദുരന്തങ്ങളെ അതിജീവിക്കാൻ ശേഷിയുള്ള കേരളം നിർമിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള കരട് നിർദേശങ്ങളും കഴിഞ്ഞ ദിവസവും ചേർന്ന ഉപദേശക സമിതിയിൽ ചർച്ച ചെയ്തിട്ടുണ്ട്.