സദസ്സിലിരുന്ന സിസ്റ്ററിനെ ഉദ്ഘാടന വേദിയിലേക്ക് ക്ഷണിച്ചു; ഒരുമിച്ച് തിരി കൊളുത്തി മമ്മൂട്ടി: ഹൃദ്യം ഈ വീഡിയോ
വെള്ളിത്തിരയില്‍ വേറിട്ട കഥാപാത്രങ്ങളെ അനശ്വരമാക്കുന്ന നടനാണ് മലയാളികളുടെ പ്രിയതാരം മമ്മൂട്ടി. പൊതുവേദികളിലുള്ള മമ്മൂട്ടിയുടെ സൗഹാര്‍ദപരമായ ഇടപെടലുകള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളിലും ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ ഇത്തരത്തില്‍ ഹൃദ്യമായ ഒരു വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
ആലുവ രാജഗിരി ആശുപത്രിയില്‍ സിസ്റ്റര്‍ ഡോക്ടേഴ്‌സ് ഫോറം ഓഫ് ഇന്ത്യയുടെ ദേശീയസമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മമ്മൂട്ടി. സമ്മേളനത്തില്‍ സ്വാഗതം ചെയ്ത് സംസാരിച്ച എസ്ഡിഎഫ്‌ഐ പ്രസിഡന്റ് സിസ്റ്റര്‍ ഡോ. ബീന മാധവത്ത്, 26 വര്‍ഷം മുമ്പ് ആരംഭിച്ച സംഘടനയുടെ സ്ഥാപക പ്രസിഡന്റ് സിസ്റ്റര്‍ ഡോ ലില്ലിയെക്കുറിച്ച് പറഞ്ഞു. സദസ്സില്‍ ഇരിക്കുന്ന ലില്ലി സിസ്റ്ററിനെ മമ്മൂട്ടി ശ്രദ്ധിച്ചതും അപ്പോഴാണ്.
ഉദ്ഘാടനത്തിനായി എത്തിയ മമ്മൂട്ടി തിരി തെളിക്കാന്‍ സിസ്റ്റര്‍ ലില്ലിയെ വേദിയിലേക്ക് ക്ഷണിച്ചു, ഉദ്ഘാടനത്തില്‍ പങ്കാളിയാകന്‍… ഈ സ്‌നേഹനിമിഷങ്ങള്‍ക്ക് സദസ്സും നിറചിരിയോടെ കയ്യടിച്ചു. മമ്മൂട്ടിയുടെ പിആര്‍ഒ റോബര്‍ട്ട് ആണ് സമൂഹമാധ്യമങ്ങളിലൂടെ ഈ സ്‌നേഹനിമിഷങ്ങളെക്കുറിച്ച് പങ്കുവെച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
‘മമ്മൂട്ടി ‘എന്ന മനുഷ്യന്റെ വ്യക്തിത്വവും അന്തസ്സും അറിവും തിരിച്ചറിയാന്‍ ഈ വീഡിയോ ഒന്ന് കണ്ട് നോക്കിയാല്‍ മതിയാവും. ഇന്ത്യയിലെ സന്യാസിനിമാരായ ഡോക്ടര്‍മാരുടെ മഹാ സമ്മേളനം ഉത്ഘാടനം ചെയ്യാനാണ് അദ്ദേഹം ആലുവയിലെ പ്രശസ്തമായ രാജഗിരി ആശുപത്രിയില്‍ എത്തുന്നത്. സ്വാഗതപ്രസംഗ വേളയില്‍ അദ്ദേഹത്തിന് മനസ്സിലായി ഈ പ്രസ്ഥാനത്തിന്റെ സ്ഥാപക ഡോ സിസ്റ്റര്‍ ലില്ലി തൈക്കൂടന്‍ വേദിയില്‍ വരാതെ, കാഴ്ച്ചക്കാരുടെ കൂട്ടത്തില്‍ ആണ് ഇരിക്കുന്നതെന്ന്.
ഉല്‍ഘടനം ചെയ്യേണ്ട സമയത്തു അദ്ദേഹം ഒട്ടും മടിച്ചില്ല ആ വന്ദ്യ സിസ്റ്ററെ സ്റ്റേജിലേക്ക് വിളിച്ചു, തനിക്കു പകരം തിരി കൊളുത്തിച്ചു !! മാത്രമോ, ഈ ക്രൈസ്തവ സന്ന്യാസിനി മാരുടെ നന്മകള്‍ ഓരോന്നായി അക്കമിട്ട് പറഞ്ഞ്, മലയാളികള്‍ അല്ലാത്തവര്‍ കൂടി മനസ്സിലാക്കാന്‍ ഇംഗ്ലീഷില്‍ ഒരു തകര്‍പ്പന്‍ പ്രസംഗവും !!! പരിപാടി കഴിഞ്ഞ് മടങ്ങുമ്പോള്‍ സിസ്റ്റര്‍ ലില്ലിയെ ഇരിപ്പിടത്തില്‍ പോയി കണ്ട് യാത്ര ചോദിച്ചു, അനുഗ്രഹവും വാങ്ങി മടങ്ങുന്ന മമ്മുക്കയെ അത്ഭുതത്തോടെ നോക്കി നില്‍ക്കുന്ന ആയിരങ്ങള്‍…ഇതൊന്നും കാണാതെ ‘മമ്മൂട്ടി ‘ വന്നു എന്ന് കേട്ടു ഓടി വന്ന ആരോ ഒരാള്‍ അപ്പോള്‍ പറഞ്ഞുവത്രേ ‘ മമ്മൂട്ടി അല്ലേ.. എന്നാ ജാഡയാ, അല്ലേ??