അഗ്നിപര്‍വ്വത സ്ഫോടനം ഒരു മനുഷ്യന്റെ തലച്ചോറിനെ തിളങ്ങുന്ന സ്ഫടികമാക്കി മാറ്റിയപ്പോള്‍: പുതിയ കണ്ടെത്തലുമായി ശാസ്ത്രലോകം

January 31, 2020

ചില തലവാചകങ്ങള്‍ വായിക്കുമ്പോള്‍ കൗതുകം തോന്നിയേക്കാം, അല്ലെങ്കില്‍ ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്ന് അത്ഭുതപ്പെട്ടേക്കാം. എന്നാല്‍ പലപ്പോഴും പ്രകൃതിയില്‍ സംഭവിക്കുന്ന പല പ്രതിഭാസങ്ങളും മനുഷ്യന്റെ ചിന്തകള്‍ക്കും വിചാരങ്ങള്‍ക്കുമൊക്കെ അപ്പുറമാണ്. ഇത്തരമൊരു സംഭവത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നതും.

അഗ്നിപര്‍വ്വത സ്‌ഫോടനത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്നും കണ്ടെത്തിയ ഒരു മൃതശരീരത്തില്‍ നടത്തിയ പഠനങ്ങളില്‍ നിന്നാണ് തികച്ചും അപൂര്‍വ്വമായ ചില കണ്ടെത്തലുകള്‍ ശാസ്ത്രലോകം പുറത്തുവിട്ടത്. 1960 കളിലാണ് അഗ്നിപര്‍വ്വത സ്‌ഫോടനംമൂലം സൃഷ്ടിക്കപ്പെട്ട ചാരത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്നും ഈ മൃതദേഹം കണ്ടെത്തിയത്.

ഇറ്റലിയില്‍ എഡി 79-ല്‍ വെസൂവിയസ് അഗ്നിപര്‍വ്വത സ്‌ഫോടനം ഉണ്ടായപ്പോള്‍ ലാവ അടുത്തുള്ള പോംപേയ്, ഹെര്‍ക്കുലേനിയം തുടങ്ങിയ നഗരങ്ങളിലേക്ക് ക്രമാതീതമായി ഒഴുകി. ഈ ലാവയില്‍പ്പെട്ട് നിരവധിപ്പേര്‍ മരണപ്പെട്ടിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഹെര്‍ക്കുലേനിയത്തില്‍ നിന്നും ഗവേഷകരില്‍ ചിലര്‍ ഒരു മൃതദേഹം കണ്ടെത്തി. ലാവ ഈ മനുഷ്യന്റെ മസ്തിഷ്‌കത്തിലെ ചില ഭാഗങ്ങള്‍ സ്ഫടികമാക്കി മാറ്റി എന്ന് കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍.

അഗ്നിപര്‍വ്വത സ്‌ഫോടനം മൂലം മരണപ്പെട്ട വ്യക്തിയുടെ തലച്ചോറിലെ കലകളാണ്(ടിഷ്യു) ഗ്ലാസ് രൂപത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടത്. ഈ മാസം ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനില്‍ ഈ അപൂര്‍വ്വ പ്രതിഭാസത്തെക്കുറിച്ച് പ്രസിദ്ധപ്പെടുത്തിയിരുന്നു.

ലാവമൂലം പൊട്ടിത്തെറിച്ച, മനുഷ്യന്റെ തലയോട്ടിയുടെ ഉപരിതലത്തില്‍ പറ്റി പിടിച്ച അവസ്ഥയിലായിരുന്നു ഈ സ്ഫടികം. അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചുണ്ടായ ലാവയില്‍ മനുഷ്യന്‍ പൊതിയപ്പെടുമ്പോള്‍ തലച്ചോര്‍ വിട്രിഫിക്കേഷന്‍ എന്ന ഒരു പ്രക്രിയയ്ക്ക് വിധേയമാകുന്നു. ഈ പ്രക്രിയ വഴിയാണ് തലച്ചോറിലെ ടിഷ്യു തിളക്കമുള്ള കറുത്ത ഗ്ലാസ് ആയി മാറിയതും.

അഗ്നിപര്‍വ്വത സ്‌ഫോടനം മൂലം ഈ മനുഷ്യന്‍ കിടന്നിരുന്ന റൂമിലെ താപനില 520 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തിയിരിക്കാം എന്നാണ് ശാസ്ത്രലോകത്തിന്റെ നിഗമനം. ഇറ്റലിയിലെ നേപ്പിള്‍സിലെ ഫെഡറിക്കോ II യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ പ്രൊഫസറായ ഡോ. പിയര്‍ പാവ്‌ളോ പെട്രോണ്‍ ആണ് ഈ അപൂര്‍വ്വമായ കണ്ടെത്തല്‍ നടത്തിയത്.

https://youtu.be/s4zvYsYKIxg