‘അനന്തരം’: ദുരിതക്കയത്തില്‍ നിന്നും കരകയറാന്‍ കാരുണ്യം കാത്ത് ഷിനു
രോഗങ്ങളുടെ വേദനയില്‍ നൊമ്പരപ്പെടുന്ന അനേകര്‍ക്ക് കാരുണ്യത്തിന്റെ സാന്ത്വന സ്പര്‍ശമേകുകയാണ് ഫ്ളവേഴ്സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന അനന്തരം പരിപാടി. മഹാരോഗങ്ങളോട് പോരാടുന്ന അനേകര്‍ക്കാണ് ഈ പരിപാടിയിലൂടെ സഹായങ്ങള്‍ ലഭിക്കുന്നത്.
കണ്ണു നിറയാതെ കണ്ടിരിക്കാനാവില്ല ആര്‍ക്കും ഷിനുവിന്റെ ജീവിതത്തെ. പത്തനംതിട്ട സ്വദേശിയാണ് ഷിനു. ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് വിധി ഈ ചെറുപ്പക്കാരനെ വേട്ടയാടി തുടങ്ങിയത്. മരത്തില്‍ നിന്ന് വീണ ഷിനുവിന്റെ നട്ടെല്ലിന് ക്ഷതമേറ്റു. ശരീരം തളര്‍ന്നുപോയ ഷിനു കിടപ്പിലാണ്.
വിവിധ ആശുപത്രികളില്‍ ചികിത്സയ്ക്ക് വിധേയനായ ഈ യുവാവ് ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ആഴ്ചതോറും പരിശോധനകള്‍ക്കായി പോകുന്നു. ഭാര്യയും കുട്ടിയും അമ്മയും അടങ്ങുന്ന കുടുംബത്തിലെ ഏക പ്രതീക്ഷയായിരുന്നു ഷിനു. എന്നാല്‍ ഓരോ ദിനവും വേദനകളാല്‍ പ്രയാസമനുഭവിക്കുകയാണ് ഇദ്ദേഹം. വിദഗ്ധ ചികിത്സ ലഭ്യമാക്കിയാല്‍ എഴുന്നേറ്റ് നടക്കാനെങ്കിലും സാധിക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.