നാലാം ടി-20: സഞ്ജുവും കെ എല്‍ രാഹുലും ഓപ്പണര്‍മാര്‍; ഇന്ത്യയ്ക്ക് ബാറ്റിങ്‌

January 31, 2020

ആരാധകരുടെ കാത്തിരിപ്പിന് ഒടുവില്‍ വിരാമം. ഇന്ത്യ- ന്യൂസിലന്‍ഡ് ടി-20 പരമ്പരയിലെ നാലം മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഓപ്പണിങ്ങിന് ഇറങ്ങുന്നു. കെ എല്‍ രാഹുലാണ് ഓപ്പണിങ്ങില്‍ സഞ്ജുവിന്‍റെ സഹതാരം. രോഹിത് ശര്‍മ്മയ്ക്ക് പകരക്കാരയാണ് സഞ്ജു വി സാംസണ്‍ ഓപ്പണറായി ടീമിലെത്തിയത്. രവീന്ദ്ര ജഡേജയ്ക്ക് പകരമായി വാഷിങ്ടണ്‍ സുന്ദറും മുഹമ്മദ് ഷമിക്ക് പകരമായി നവ്ദീപ് സെയ്‌നിയും ഇന്ന് കളത്തിലിറങ്ങുന്നു.

അതേസമയം അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും വിജയം നേടി ഇന്ത്യ പരമ്പര സ്വന്തമാക്കി. ആദ്യ രണ്ട് മത്സരങ്ങളിലും അനായസ ജയം നേടിയ ഇന്ത്യ മൂന്നാം മത്സരത്തില്‍ സൂപ്പര്‍ ഓവറിലൂടെ വിജയം നേടുകയായിരുന്നു.

മൂന്നാം മത്സരത്തില്‍ ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സ് അടിച്ചെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സ് നേടി. അവസാന ഓവറില്‍ 9 റണ്‍സ് ആയിരുന്നു ന്യൂസിലന്‍ഡിന് വിജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ മുഹമ്മദ് ഷമിയുടെ തകര്‍പ്പന്‍ ബൗളിങ് ന്യൂസിലന്‍ഡിന്റെ റണ്ണൊഴുക്കിന് തടയിട്ടു. സമനില ആയതിനെ തുടര്‍ന്ന് സൂപ്പര്‍ ഓവറിലേക്ക് നീങ്ങുകയായിരുന്നു.

സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 17 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ അടി തെറ്റിയില്ല. അവസാന രണ്ട് പന്തില്‍ പത്ത് റണ്‍സ് വിജയിക്കാന്‍ വേണ്ടിയിരുന്ന ഇന്ത്യയെ രക്ഷിച്ചത് രോഹിത് ശര്‍മ്മയാണ്. സൂപ്പര്‍ ഓവറിലെ അഞ്ചും ആറും പന്തില്‍ രോഹിത് ശര്‍മ്മ സിക്‌സ് അടിച്ചു.