പത്മശ്രീയെ ‘പാട്ടിലാക്കിയ’ സഹോദരിമാര്‍; ബോംബെ സിസ്റ്റേഴ്സ്
രാജ്യം ആദരവായി നല്കിയ പത്മശ്രീ പുരസ്കാര നിറവിലാണ് ബോംബെ സിസ്റ്റേഴ്സ് എന്ന് അറിയപ്പെടുന്ന പാട്ട് സഹോദരിമാര്‍, ബോംബെ ലളിതയും ബോംബെ സരോജയും. കര്‍ണാടക സംഗീതത്തിലെ അപൂര്‍വ്വ ജോഡിയാണ് ഈ സഹോദരിമാര്‍. ഒരുമിച്ച് രാഗം മൂളുന്ന ഇരുവരെയും പത്മശ്രീ പുരസ്കാരം തേടിയെത്തിയതും ഒരുമിച്ചുതന്നെ.
പേരിനൊപ്പം ബോംബെ ഉണ്ടെങ്കിലും ചെന്നൈ ആണ് ലളിതയുടേയും സരോജയുടേയും വളര്ത്തുനഗരം. പ്രായം എഴുപത് പിന്നിട്ട ഈ സഹോദരിമാര്‍ക്ക് കേരളവുമായുമുണ്ട് ചെറുതല്ലാത്തൊരു ബന്ധം. തൃശ്ശൂര്‍ തിരുവമ്പാടി സ്വദേശി ചിദംബര അയ്യരുടെയും തൃപ്പൂണിത്തുറ സ്വദേശി മുക്താംബളിന്റെയും മക്കളായിട്ടായിരുന്ന ലളിതയുടെയും സരോജയുടെയും ജനനം.
Read more: ‘കാതലേ കാതലേ…’ മനോഹാരിത ചോരാതെ തെലുങ്ക് പതിപ്പും: വീഡിയോ
ജനിച്ച് കുറച്ചു നാളുകള്‍ പിന്നിട്ടപ്പോഴേയ്ക്കും ഇരുവരും മുംബൈയിലേക്ക് പറിച്ച് നടപ്പെട്ടു. ബോംബെ എന്നത് പേരിന്റെ ഭാഗമായതും അങ്ങനെ. എന്നാല്‍ നാല് പതിറ്റാണ്ടുകളിലേറെയായി ഈ പാട്ടു സഹോദരിമാര്‍ ചെന്നൈയില്‍ താമസമാക്കിയിട്ട്.
ലളിതയും സഹോദരി സരോജയും അറിയപ്പെടുന്നത് ‘ബോംബെ സിസ്റ്റേഴ്സ്’ എന്നാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് അമ്പത്തൂരില്‍ നവഗ്രഹ പൂജയുടെ ഭാഗമായി നടത്തിയ കച്ചേരിക്കു ശേഷം അവിടുത്തെ സ്വാമിയാണ് ‘ബോംബെ സിസ്റ്റേഴ്സ്’ എന്ന് ഈ സഹോദരിമാര്‍ക്ക് പേര് നല്‍കിയത്.