കാത്തിരിപ്പിന് വിരാമമിട്ട് സി ബി ഐ അഞ്ചാം ഭാഗത്തിന്റെ തിരക്കഥ പൂർത്തിയായി; ചിത്രീകരണം ഉടൻ
മലയാളികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ത്രില്ലർ സിനിമയാണ് സി ബി ഐ പരമ്പരയിലെ അഞ്ചാം ഭാഗം. മമ്മൂട്ടി സേതുരാമയ്യർ സി ബി ഐ ആയി എത്തിയ ചിത്രങ്ങളെല്ലാം വമ്പൻ ഹിറ്റുകൾ ആയിരുന്നു. കഴിഞ്ഞ നാല് ഭാഗങ്ങളെക്കാൾ വ്യത്യസ്തമാക്കി അഞ്ചാം ഭാഗം ചിത്രീകരണം ആരംഭിക്കാൻ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.
ചിത്രത്തിന്റെ തിരക്കഥ 90 ശതമാനത്തോളം പൂർത്തിയായെന്ന് ഒരു അഭിമുഖത്തിൽ തിരക്കഥാകൃത്ത് എസ് എൻ സ്വാമി വ്യക്തമാക്കിയതോടെ ചിത്രീകരണം ഉടൻ തന്നെ ആരംഭിക്കുമെന്നു പ്രതീക്ഷയിലാണ് ആരാധകർ.
‘90 ശതമാനവും തിരക്കഥ പൂര്‍ത്തിയായിട്ടുണ്ട്. ഇനി കുറച്ച് തിരുത്തലുകളൊക്കെ ചെയ്യാനുണ്ട്. മമ്മൂട്ടിയുടെ ഡേറ്റ് മെയ്, ജൂണ്‍ മാസത്തിലാണ് കിട്ടിയിരിക്കുന്നത്. അപ്പോഴേക്കും ഷൂട്ടിങ് ആരംഭിക്കും’. എസ്.എന്‍ സ്വാമി പറയുന്നു.
ബാസ്കറ്റ് കില്ലിംഗ് എന്ന പ്രമേയത്തിലാണ് ചിത്രമൊരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംവിധായകൻ കെ. മധു, തിരക്കഥാകൃത്ത് എസ് എൻ സ്വാമി, സംഗീത സംവിധായകൻ ശ്യാം എന്നിവർ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഇപ്പോൾ മമ്മൂട്ടി ‘വൺ’ എന്ന സിനിമയുടെ ഷൂട്ടിങ്ങിലാണ്.