പ്രേക്ഷക മനംതൊട്ട് സ്റ്റൈൽ മന്നനും നയൻസും; മനോഹരം ഈ ഗാനം

January 20, 2020



മലയാളത്തിലേയും തമിഴകത്തേയും പ്രേക്ഷകരുടെ ഇഷ്ടതാരങ്ങൾ വെള്ളിത്തിരയിൽ ഒന്നിച്ചെത്തി പ്രേക്ഷക മനം കവർന്ന ചിത്രമാണ് ദർബാർ. രജനികാന്തിനൊപ്പം നയൻതാര കൂടി എത്തിയ ചിത്രം മികച്ച പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ അണിയറപ്രവർത്തകർ പുറത്തുവിട്ട ഒരു മനോഹര ഗാനമാണ് പ്രേക്ഷക ശ്രദ്ധനേടുന്നത്. നയൻതാരയും രജനീകാന്തും തന്നെയാണ് ഗാനത്തിൽ പ്രത്യക്ഷപ്പെടുന്നതും.

എ ആർ മുരുഗദോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ ആദിത്യ അരുണാചലം എന്ന കഥാപാത്രമായാണ് രജനികാന്ത് പ്രത്യക്ഷപ്പെടുന്നത്. ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് താരം എത്തുന്നത്. മുംബൈ ആസ്ഥാനമായി നടക്കുന്ന കഥയാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. 1992ല്‍ പുറത്തിറങ്ങിയ ‘പാണ്ഡ്യന്‍’ എന്ന ചിത്രത്തിലാണ് രജനികാന്ത് അവസാനമായി പോലീസ് വേഷത്തിലെത്തിയത്.

സന്തോഷ് ശിവനാണ് ‘ദര്‍ബാര്‍’ എന്ന ചിത്രത്തിന്റെ സിനിമാറ്റോഗ്രഫി നിർവഹിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം രജനികാന്തിനായി സന്തോഷ് ശിവന്‍ ക്യാമറ ചലിപ്പിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീത സംവിധാനം. ചിത്രത്തിന്റേതായി പുറത്തുവന്ന ‘ചുമ്മാ കിഴി…’എന്ന് തുടങ്ങുന്ന ഗാനത്തിനും മികച്ച പ്രതികരണമാണ് ലഭിച്ചത്.

Read also: ‘കലമാനോടിഷ്ടം കൂടാന്‍…’; മനോഹര താളത്തില്‍ ഒരു സുന്ദര ഗാനം: വീഡിയോ

പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം നയന്‍താര എ ആര്‍ മുരഗദോസിന്റെ ചിത്രത്തില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ദര്‍ബാറിനുണ്ട്. 2005 ല്‍ പുറത്തിറങ്ങിയ ‘ഗജിനി’ ആയിരുന്നു നയന്‍താരയും മുരുഗദോസും ഒരുമിച്ച അവസാന ചിത്രം. അതേസമയം രജനികാന്തിനോടൊപ്പമുള്ള നയന്‍താരയുടെ നാലാമത്തെ ചിത്രമാണ് ‘ദര്‍ബാര്‍’. ‘ചന്ദ്രമുഖി’, ‘കുശേലന്‍’, ‘ശിവജി’ എന്നിവയാണ് രജനീകാന്തും നയന്‍താരയും വെള്ളിത്തിരയില്‍ ഒരുമിച്ചെത്തിയ മറ്റ് മൂന്ന് ചിത്രങ്ങള്‍.

കഴിഞ്ഞ ആഴ്ചയാണ് ദർബാർ റിലീസ് ചെയ്തത്. ദിവസങ്ങൾക്കുള്ളിൽ ചിത്രം 150 കോടി ക്ലബ്ബിൽ ഇടംനേടിയെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ചിത്രത്തിന്റെ നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സ് ആണ് ഇക്കാര്യം അറിയിച്ചത്.