മൽസ്യ ബന്ധനത്തിനിടെ വലയിൽ കുടുങ്ങിയത് ഒരു വമ്പൻ ‘പുള്ളി’; മടക്കിയയച്ച് മൽസ്യ തൊഴിലാളികൾ
മൽസ്യബന്ധന തൊഴിലാളികളെ സംബന്ധിച്ച് അവരുടെ വരുമാനം കടലിൽ നിന്നും ലഭിക്കുന്ന മത്സ്യങ്ങളെ ആശ്രയിച്ചിരിക്കും. കാരണം വിലകൂടിയ സ്രാവും മറ്റുമൊക്കെ വലയിൽ കുടുങ്ങിയാൽ വലിയ നേട്ടമാണ് അവർക്ക്. എന്നാൽ കടലിൽ നിന്നും ലഭിച്ച വംശനാശം സംഭവിക്കുന്ന അപൂർവ സ്രാവിനെ കടലിലേക്ക് മടക്കി അയച്ചിരിക്കുകയാണ് കടലിന്റെ മക്കൾ.
കോഴിക്കോട് പുതിയാപ്പയിലെ മൽസ്യ തൊഴിലാളികളാണ് പുറം കടലിലെ മൽസ്യ ബന്ധനത്തിനിടെ വലയിൽ കുടുങ്ങിയ പുള്ളി സ്രാവിനെ കടലിലേക്ക് തന്നെ അയച്ചത്.
വലയിൽ ഭാരമുള്ള എന്തോ കുടുങ്ങിയതറിഞ്ഞ് സന്തോഷത്തോടെയാണ് ബോട്ടിലേക്ക് സ്രാവിനെ വലിച്ചടുപ്പിച്ചത്. എന്നാൽ ബോട്ടിലെത്തിയ സ്രാവിനെ കണ്ടപ്പോൾ തന്നെ ഇത് വംശനാശം സംഭവിക്കുന്ന പുള്ളി സ്രാവാണെന്നു ഇവർ തിരിച്ചറിഞ്ഞു. പിന്നാലെ സ്രാവിനെ വലയിൽ നിന്നും രക്ഷിക്കാനുള്ള ശ്രമമായി. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ പുള്ളി സ്രാവിനെ കടലിലേക്ക് തിരികെ അയക്കുകയായിരുന്നു മൽസ്യ തൊഴിലാളികൾ.
സ്രാവുകളുടെ കൂട്ടത്തിൽ ഏറ്റവും വലിപ്പമുള്ളത് പുള്ളി സ്രാവിനാണ്. വലിപ്പം കൂടുതൽ ആയതിനാൽ തിമിംഗല സ്രാവ് എന്നാണ് അറിയപ്പെടുന്നത്. 12 മീറ്റർ നീളവും 20 ടൺ ഭാരവുമുള്ള പുള്ളി സ്രാവ് കുറച്ച് നാളുകൾക്ക് മുൻപ് വരെ ഗുജറാത്തിലൊക്കെ വലിയ തോതിൽ മൽസ്യ ബന്ധനം നടത്തിയിരുന്നു. ചാര നിറത്തിലോ ഇരുണ്ട നീല നിറത്തിലോ വലിപ്പമുള്ള പുള്ളി കുത്തുകളുമായി കാണപ്പെടുന്നപുള്ളി സ്രാവ് ഇത്തരത്തിൽ വംശ നാശം നേരിട്ടതോടെ വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ ഇവയെ സംരക്ഷിക്കപ്പെടേണ്ട ജീവികളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തി. ഇവയെ വലവീശി പിടിക്കുന്നത് ശിക്ഷാർഹമാണ്.